സ്റ്റീവനേജ് : സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മ്മയായ “സർഗ്ഗം” സംഘടിപ്പിച്ച ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം അവിസ്മരണീയമായി.
തേജിൻ തോമസ് സംവിധാനം ചെയ്തൊരുക്കിയ, ക്രിസ്തുമസ് ആഘോഷത്തിലെ ഹൈലൈറ്റായി മാറിയ, ‘തിരുപ്പിറവിയും, രാക്കുളി തിരുന്നാളും’ (‘ക്രിസ്മസ് ആൻഡ് എപിഫനി’) സംഗീത-നൃത്ത ദൃശ്യാവിഷ്കാരം, തിങ്ങി നിറഞ്ഞ സദസ്സിൽ നേർക്കാഴ്ചയും ആഹ്ളാദവും പകർന്നു.
ബെത്ലെഹെമിലേയ്ക്കുള്ള ജോസഫിന്റെയും മേരിയുടെയും യാത്രയും, തിരുപ്പിറവിക്ക് സങ്കേതമായ ആട്ടിടയന്മാരും, ആടുമാടുകളും നിറഞ്ഞ കാലിത്തൊഴുത്തും, ഉണ്ണിയെ ദർശിക്കാനെത്തിയ പൂജരാജാക്കന്മാരുടെ കാഴ്ച സമർപ്പണവും ബിബിളിക്കൽ തീർത്ഥയാത്രയുടെ അനുഭവം പകർന്നു. എൽ ഈ ഡി സ്ക്രീനിന്റെ മാസ്മരികതയിൽ സാൻഡ് ആർട്ടിലൂടെ ദൃശ്യവൽക്കരിച്ച ബെത്ലേഹവും, ശാന്തരാത്രിയും, മലനിരകളും കിഴക്കിന്റെ നക്ഷത്രവും സംഗമിച്ച മനോഹര പശ്ചാത്തലത്തിൽ നടത്തിയ അവതരണം ഏറെ മികവുറ്റതും ആകർഷകവുമായി.
ആടിയും പാടിയും സമ്മാനങ്ങളും മിഠായികളും നൽകി സദസ്സിലൂടെ കടന്നു വന്ന സാന്താക്ളോസ്സ്, സർഗ്ഗം ഭാരവാഹികളോടൊപ്പം കേക്ക് മുറിച്ചു കൊണ്ടു ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു.
സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ് ഏവർക്കും ഹാർദ്ധവമായ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ കലാവിരുന്നിൽ വൈവിദ്ധ്യമാർന്ന മികവും പ്രൗഢിയും നിറഞ്ഞ സംഗീത-നൃത്ത അവതരണങ്ങൾ ആഘോഷത്തെ വർണ്ണാഭമാക്കി. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളുടെ സർഗ്ഗ കലാ വൈഭവങ്ങൾ ഒന്നൊന്നായി ആവണിയിൽ നിന്നും പുറത്തെടുത്ത് സർഗ്ഗം ആഘോഷ രാവിനു ഉത്സവഛായ പകർന്നു.
സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച പുൽക്കൂട്, ഡെക്കറേഷൻ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ കുടുംബവും ഡക്കറേഷൻ മത്സരത്തിൽ അലക്സ്- ജിഷ കുടുംബവും ജേതാക്കളായി. വിഭവ സമൃദ്ധമായ ക്രിസ്തുമസ് സ്റ്റാർട്ടറും, ന്യൂ ഇയർ ഡിന്നറും ഏറെ ആസ്വാദ്യമായി. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് സർഗ്ഗം മലയാളി അസ്സോസിയേഷന്റെ 2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബേഴ്സിനെ തെരഞ്ഞെടുത്തു.
സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ്, ആദിർശ് പീതാംബരൻ, തേജിൻ തോമസ്, ബിന്ദു ജിസ്റ്റിൻ, ടെസ്സി ജെയിംസ്, ടിന്റു മെൽവിൻ, ജോസ് ചാക്കോ, ഷാജി ഫിലിഫ്, ബിബിൻ കെ ബി, ബോബൻ സെബാസ്റ്റ്യൻ, ജിന്റോ മാവറ, ജിന്റു ജിമ്മി, ലൈജോൺ ഇട്ടീര, ജോജി സഖറിയാസ്, ഷിജി കുര്യക്കോട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ടെസ്സി ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളും ചാരിറ്റിയും സംഘടിപ്പിച്ചിരുന്നു.
Leave a Reply