ബെംഗളൂരു : കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.
സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ. സ്ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ സോളിഡ് ഫയർ വർക്ക് എന്ന പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.
മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.
നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
Leave a Reply