Breaking news

സെന്റ് മേരീസ് സീറോ-മലബാർ മിഷൻ യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ക്രൂ വിലെ സീറോ മലബാർ സഭാ അംഗങ്ങൾ. ക്രൂ സെന്റ് മേരീസ് റോമൻ കത്തോലിക്കാ ഇടവക വികാരി റവ ഫാ നിക്കോളാസ് കേൺ, ഫാ ജോർജ് എട്ടുപറയിൽ, ഫാ മാതിയു കുരിശുമ്മൂട്ടിൽഎന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവ് മിഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കൈക്കാരന്മാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി ബേബി സണ്ണി, ഹെഡ്മാസ്റ്റർ ജസ്റ്റിൻ കുര്യന്‌ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എ ലെവൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മിന്നും നേട്ടവുമായി മലയാളി വിദ്യാർത്ഥികൾ. കോവിഡിന് ശേഷമുള്ള പരീക്ഷകൾ പതിവിലും ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും മികച്ച മാർക്ക്‌ നേടി ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണ് അനേകം മലയാളി വിദ്യാർത്ഥികൾ. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിസൽറ്റ് പരിശോധിച്ചപ്പോൾ തദ്ദേശീയരായ വിദ്യാർഥികളെക്കാൾ മികച്ച വിജയം കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ മലയാളി കുട്ടികൾ.

താരമായി തോംസൺ

പുറത്തുവന്നിരിക്കുന്ന റിസൾട്ടുകൾ പ്രകാരം കവന്‍ട്രിയിലെ തോംസണ്‍ ജോയി എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടി. റഗ്ബി ലോറന്‍സ് ഷെരിഫ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തോംസണ്‍ സാമ്പത്തിക പഠനത്തിനായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിൽ ചേരും. പഠനകാലത്ത് എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥിക്കായുള്ള റോഡ്സ് മെഡൽ തോംസണായിരുന്നു. എല്ലാ വർഷം ഒരു വിദ്യാർത്ഥിക്ക് മാത്രം ലഭിക്കുന്ന ഈ മെഡൽ 2022ൽ തോംസണെ തേടിയെത്തി എന്നുള്ളത് മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാനുള്ള വക നൽകുന്നു.

എക്കണോമിക്‌സ്, ഫര്‍ദര്‍ മാത്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് തോംസണ്‍ ജോയ് എ സ്റ്റാര്‍ കണ്ടെത്തിയത്. സാധാരണ ഫര്‍ദര്‍ മാത്‌സ് അധികം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന വിഷയമല്ല, പഠനം കൂടുതല്‍ കടുപ്പമേറിയതു കൊണ്ടാണ് ഈ വിഷയം ഒഴിവാക്കുന്നത്. എന്നാല്‍ തോംസണ്‍ താരതമ്യേനേ ലളിതമായ മറ്റൊരു വിഷയം ഒഴിവാക്കിയാണ് കടുപ്പമുള്ള ഫര്‍ദര്‍ മാത്‌സ് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. യുകെ മലയാളികള്‍ക്കിടയിലെ ശ്രദ്ധേയ സംരംഭകനായ അലൈഡ് ജോയിയുടെ മൂത്ത മകനാണ് തോംസണ്‍. വീട്ടമ്മയായ ജൂലി ജോയ് ആണ് മാതാവ്. റഗ്ബി ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആന്‍ഡ്രിയ, റീത്ത എന്നിവരാണ് സഹോദരങ്ങള്‍. പാലാ സ്വദേശികളാണ് ജോയിയും ജൂലിയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇവര്‍ കവന്‍ട്രിയിലാണ് താമസം.

പുതുവഴി തേടി മിടുക്കർ

മികച്ച നേട്ടം കൈവരിച്ചവരിൽ മിക്കവരും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വേറിട്ട പാതയിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ ഫീൽഡിലേക്ക് കടക്കാൻ മിക്ക വിദ്യാർത്ഥികളും താല്പര്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയം. ഈസ്റ്റ്ഹാമിലെ എഡിനും മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ കരസ്ഥമാക്കി. ജി സി എസ് ഇ പരീക്ഷയില്‍ നേടിയ ഫുള്‍ സ്‌കോര്‍ വിജയം ഇവിടെയും ആവർത്തിച്ചു. കംപ്യുട്ടര്‍ സയന്‍സ് പഠിക്കാനാണ് എഡിന് ഇഷ്ടം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കണമെന്നാണ് എഡിന്‍ പറയുന്നത്. ഫുൾ എ സ്റ്റാറിൽ മിക്ക ബ്രിട്ടീഷ് കുട്ടികൾക്കും കാലിടറിയപ്പോഴാണ് മലയാളി വിദ്യാർത്ഥികളുടെ ഈ കുതിപ്പ്.

കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, എന്‍ജിനിയറിംഗ് , നിയമം തുടങ്ങിയ മേഖലകളിലേക്ക് തിരിയുന്ന മലയാളി ചെറുപ്പക്കാരുടെ എണ്ണം ഉയരുകയാണ്. യുകെ മലയാളികള്‍ക്കിടയിൽ കുറഞ്ഞ കൂലിയും കൂടുതൽ അധ്വാന ഭാരവുമുള്ള മെഡിക്കല്‍ ഫീല്‍ഡിൽ നിന്ന് ഇന്നത്തെ യുവത അകന്നുതുടങ്ങിക്കഴിഞ്ഞു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മണിക്കൂറില്‍ 14 പൗണ്ട് മാത്രം ലഭിക്കുമ്പോള്‍ മറ്റു മേഖലകളില്‍ ഉള്ള മിടുക്കർക്ക് ആദ്യ വര്‍ഷം തന്നെ ഇരട്ടി ശമ്പളം ലഭിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വിദ്യാർത്ഥികൾ വ്യത്യസ്ത പാതകൾ തിരഞ്ഞെടുക്കുന്നത്.

കമ്പ്യൂട്ടർ സയൻസ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്ത് എഡ് സജി 

 

ഈസ്റ്റ് ഹാമിലെ എഡ് സജി തന്റെ ഭാവി ജീവിതം ലക്ഷ്യമിടുന്നത് കംപ്യുട്ടര്‍ സയന്‍സ് കോഴ്‌സിലാണ്. ലോകത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആയിരിക്കും എന്നുറപ്പിക്കുന്ന അനേകം ചെറുപ്പക്കാരാണ് കംപ്യുട്ടര്‍ സയന്‍സിലേക്ക് ആവേശത്തോടെ എത്തിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തെ യുകെയിലെ ഏറ്റവും മികച്ച സര്‍വകലാശാല ആയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കാണ് എഡ് എത്തുന്നത്.

ലണ്ടനിലെ ബ്രാംപ്ടണ്‍ മനോര്‍ അക്കാദമിയില്‍ പഠിച്ച എഡ് മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാറുകള്‍ നേടിയത്. സജി പീലി – ബിന്ദു സജി ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ് എഡ്. ഫെന്‍ സജി, റെ സജി എന്നിവര്‍ സഹോദരന്മാരും നിസ് സജി ഏക സഹോദരിയുമാണ്.

 

 

എ ലെവലിലെ ആദ്യ പെണ്‍തിളക്കമായി ബ്രിസ്റ്റോളിലെ സാമന്ത; ഇനി കാര്‍ഡിഫില്‍ ഡോക്ടര്‍ പഠനത്തിന്

എ ലെവല്‍ പരീക്ഷയില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ആദ്യ പെണ്‍കുട്ടിയായി ഇക്കുറി വന്നിരിക്കുന്നത് ബ്രിസ്റ്റോളിൽ നിന്നുള്ള  സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലിനെയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തിളക്കമാര്‍ന്ന വിജയമാണ് സാമന്ത കരസ്ഥമാക്കിയത്. എ ലെവലില്‍ മൂന്നു വിഷയങ്ങള്‍ എടുത്തു പഠിച്ച സാമന്ത രണ്ട് എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. മാത്തമാറ്റിക്‌സിനും ബയോളജിക്കും എ സ്റ്റാറും കെമിസ്ട്രിക്ക് എയുമാണ് നേടിയത്.

ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന കുറുപ്പുന്തറ സ്വദേശികളായ ബിജു സോളി ദമ്പതികളുടെ ഇളയ മകളാണ് സാമന്ത. മാത്രമല്ല, ഉന്നത വിജയം നേടിയ ഈ പെണ്‍കുട്ടി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനത്തിന് യോഗ്യതയും നേടികഴിഞ്ഞു.

 

 

രണ്ട് എ സ്റ്റാറുകളുടെ തിളക്കത്തില്‍ അലീന ബെന്‍സണ്‍

രണ്ട് എ സ്റ്റാറുകളും രണ്ട് എ യും നേടി വെസ്റ്റ് കിര്‍ബി ഗ്രാമര്‍ സ്‌കൂളിലെ അലീന ബെന്‍സണ്‍. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് എ സ്റ്റാറും മാത്തമാറ്റിക്‌സ്, എക്‌സ്റ്റന്റഡ് പ്രൊജക്ട് എന്നിവയ്ക്ക് എയും നേടിയാണ് അലീന മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലാണ് അലീന മെഡിസിന് അഡ്മിഷന്‍ നേടിയിരിക്കുന്നത്.

സൗണ്ട് എഞ്ചിനീയറും ഗായകനുമായ ബെന്‍സണ്‍ ദേവസ്യയുടെയും ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ബീനാ ബെന്‍സണിന്റെയും ഇളയ മകളാണ് അലീന. മൂത്ത സഹോദരി ലണ്ടന്‍ ഇംപീരിയല്‍ കോളേജിന് മെഡിസിനു പഠിക്കുകയാണ്.

 

മലയാളി കുടുംബങ്ങളിലെ കുട്ടികള്‍ എ ലെവല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയാണെങ്കില്‍ ആ വിവരം മലയാളം യുകെയെ അറിയിക്കാവുന്നതാണ്. മികച്ച വിജയം നേടിയ കുട്ടികളാണെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും ഞങ്ങള്‍ക്ക് അയച്ച് തരുക. അയക്കേണ്ട വിലാസം: [email protected] 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മസിലുകളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ഒട്ടേറെ അനധികൃത മരുന്നുകൾ യുകെയിലെങ്ങും സുലഭമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അനധികൃതമായി വിൽക്കുന്ന ഇത്തരം മരുന്നുകൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സാർംസ് എന്നറിയപ്പെടുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന ഇത്തരം മരുന്നുകൾ ഉദ്ദാരണ കുറവ്, കരൾ രോഗങ്ങൾ എന്നിവ കൂടാതെ കഴിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെയും ബാധിക്കും.


ബോഡി ബിൽഡിംഗ് സപ്ലിമെന്റുകൾ വിൽക്കുന്ന കടകളിലും ഓൺലൈനിലും ഇത്തരം മരുന്നുകൾ സുലഭമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇത്തരം മരുന്നുകൾ ശരീരത്തിന് ഹാനികരമാണെന്നും കഴിക്കാൻ പാടില്ലാത്തതാണെന്നും ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (ESA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിലെ വിപണികളിൽ ഇത്തരം മരുന്നുകൾ വിൽക്കുന്നത് ക്രിമിനൽ കുറ്റമാണ്.


സാർംസ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നതിന്റെ മുഴുവൻ പാർശ്വഫലങ്ങളും എന്താണെന്നതിനെ കുറിച്ച് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വ്യക്തതയില്ല . എന്നാൽ ഇത്തരം മരുന്നുകളിൽ അടങ്ങിയ സ്റ്റിറോയ്ഡുകൾ മോശമായ പാർശ്വഫലങ്ങൾ ഉളവാക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. മസിൽ പെരുപ്പിക്കാൻ ഇത്തരം മരുന്നുകൾ കഴിക്കുന്ന യുവാക്കൾ അതിൻറെ പാർശ്വഫലങ്ങളെക്കുറിച്ച് അജ്ഞരാണെന്നാണ് ബിബിസിയുടെ റിപ്പോർട്ടർമാർ കണ്ടെത്തിയത്. വെബ്സൈറ്റുകളിൽ ഇത്തരം മരുന്നുകളുടെ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും പാർശ്വഫലങ്ങളെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നു മാണ് പലരും വെളിപ്പെടുത്തിയത്. മരുന്ന് കഴിച്ചതിനെ തുടർന്ന് ഉറക്കക്കുറവ്, മാനസിക പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ എന്നിവ നേരിട്ടതായി ഒട്ടേറെ പേരാണ് വെളിപ്പെടുത്തിയത്

കുടിയേറ്റം എന്നും ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്. യുകെ രാഷ്ട്രീയത്തിൽ ഒരു പ്രധാന വിഷയമാണ്. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇതിനുണ്ടുതാനും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവരുന്ന വരുന്ന വാർത്തകൾ അനുസരിച്ചു മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അത്ര ആശാവഹമല്ല എന്ന് പറയാതെ വയ്യ.

പതിനായിരത്തിലേക്ക് കുടിയേറ്റം കുറയ്ക്കും എന്ന വാക്ക് പറഞ്ഞാണ് കഴിഞ്ഞ തവണ തീവ്ര വലതുപക്ഷക്കാർ വോട്ട് പിടിച്ചത്. എന്നാൽ കോവിഡ്  പോലുള്ള മഹാമാരിയിൽ പലതും മാറിമറിഞ്ഞു. യുകെ യൂറോപ്പ്യൻ യൂണിയൻ വിട്ടെങ്കിലും കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ സൂചിക കാണിച്ചപ്പോൾ അത് കുറക്കാൻ തന്നെ ഉള്ള നിയമ ഭേദഗതിക്കാണ് യുകെ ഇപ്പോൾ മുൻകൈ എടുക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്.  ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് അധികൃതരുടെ  പരിഗണനയിൽ ഉള്ളത്. മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എല്‍ ആര്‍ ലഭിക്കുന്നതിന് യു കെ യില്‍ തുടര്‍ച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വര്‍ഷം എന്നതില്‍ നിന്നും എട്ടുവര്‍ഷമായി ഉയർത്തുക എന്ന കുറുക്കു വഴിയാണ് ഇപ്പോൾ നോക്കുന്നത്. അതുമാത്രമല്ല, ഐ എല്‍ ആര്‍ അല്ലെങ്കിൽ പി ആർ ലഭിക്കണമെങ്കില്‍ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും യു കെയില്‍ ജോലി ചെയ്തതായോ സ്‌കൂള്‍ പഠനം നടത്തിയതായും  തെളിയിക്കണം.

അതിനു പുറമെ അപേക്ഷിക്കുന്നതിന് മുന്‍പുള്ള പത്ത് വർഷത്തെ കാലയളവിൽ  ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയില്‍ നിന്നുള്ള ഇളവും ഇല്ലാതെയാക്കും.

കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രഥമ പരിഗണന എന്ന്  പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു ചുവടുപിടിച്ചാണ് ഇപ്പോൾ വരുത്തുന്ന ഭേദഗതികൾ.  കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ ഒരു ചര്‍ച്ചയും ഋഷി സുനക് മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിന്’ മുന്‍പായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയും എന്നത്. ഇതിനായി ഫ്രാൻസുമായി ഒരു കരാർ തന്നെ യുകെ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. നല്ലൊരു തുകയും ഇതിനായി യുകെ സർക്കാർ ഫ്രാൻസിന് കൈമാറി കഴിഞ്ഞു.

ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയത്‌. അത് ലഭിച്ചിട്ടുള്ളവർ രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരാണെന്നും ഹോം ഓഫീസ് പറയുകയുണ്ടായി. യു കെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യു കെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ആലോചിക്കുന്നു വാർത്തക്കുള്ള മറുപടി എന്ന നിലക്കാണ് വ്ക്താവിന്റെ മറുപടി എന്നാണ് ഡെയിലി മെയിൽ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

കുടിയേറ്റ നിയമങ്ങളിൽ മാറ്റം വന്നാൽ ഉണ്ടാകുന്ന നഷ്ട്ടം മലയാളികൾക്കാണ്. കാരണം നഴ്സുമാരായി യുകെയിൽ എത്തിയവർ കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും എന്ന് സാരം. എന്നാൽ ഇത്രയയധികം നഴ്‌സ് ക്ഷാമം  അനുഭവിക്കുന്ന ആരോഗ്യ മേഖലയെ ഒഴിവാക്കുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടിവരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാൽ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.


ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയർന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ ബന്ധുക്കൾ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവർഷം 135,788 ആയി ഉയർന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ പി എച്ച് ഡി വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട ഏയർ ഇന്ത്യ (AI) 149 വിമാനത്തിലെ യാത്രക്കാരിക്ക് പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കി. യുകെയിലെ സൗത്ത് ഡെവണിലെ ടോർക്കെ പെയിൻ്റണിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

ഇക്കഴിഞ്ഞ മെയ് 14നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി ഏയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം ഏകദേശം ഒരു മണിക്കൂർ യാത്ര പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. കഠിനമായ ചെസ്റ്റ് പെയിൻ ആരംഭിച്ചപ്പോൾ ഏയർഹോസ്റ്റസിനെ വിവരമറിയ്ച്ചു. വിമാനത്തിലുണ്ടായിരുന്ന സൗകര്യങ്ങൾ പരിമിതമായതുകൊണ്ട്, മെഡിക്കൽ എമ്രജൻസിയുണ്ട്, ഡോക്ടേഴ്സ് ആരെങ്കിലുമുണ്ടെങ്കിൽ ക്യാബിൻ ക്രൂവുമായി ബന്ധപ്പെടാൻ പെട്ടന്നു തന്നെ അനൗൺസ്മെൻ്റ് ഉണ്ടായി. തുടർന്ന് ഒരു മലയാളി ഡോക്ടറും മൂന്ന് നെഴ്സുമാരും ക്യാബിൻ ക്രൂവുമായി ബന്ധപ്പെട്ടു. നാല് സീരിസ് CPR ഉം മറ്റ് പ്രാഥമിക ചികിത്സകളും കൊടുത്തെങ്കിലും സാഹചര്യം കൂടുതൽ വഷളാകുകയായിരുന്നു.

അടിയന്തിര ചികിത്സ ആവശ്യമാണ്, മുന്നോട്ട് യാത്ര ചെയ്യാൻ സാധിക്കില്ല എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണമെന്ന മലയാളി ഡോക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കിയത്. ആമ്പുലൻസും മറ്റ് സൗകര്യങ്ങളുമായി ഏയർപോർട്ടിലെ എമർജൻസി വിഭാഗം കാത്തു നിൽപ്പുണ്ടായിരുന്നു. ഏയർപോർട്ടിലിറങ്ങിയ ഉടനെ തന്നെ കനേഡിയൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിലേയ്ക്ക് രോഗിയെ മാറ്റി. തുടർന്ന് വിമാനം ലണ്ടനിലേയ്ക്ക് യാത്ര തുടർന്നു.

ക്യാബിൻ ക്രൂ മെമ്പേഴ്സിൻ്റെ സമയോന്നിതമായ ഇടപെടീലും വിമാനത്തിലുണ്ടായിരുന്ന മലയാളി ഡോക്ടറിൻ്റെയും നെഴ്സുമാരുടെയും നിസ്വാർത്ഥമായ സേവനങ്ങളുമാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് സഹയാത്രികർ പറഞ്ഞു. എമ്രജൻസി സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള യാതൊരു ആധുനിയ സംവിധാനങ്ങളും വിമാനത്തിലുണ്ടായിരുന്നില്ല. അടിയന്തിരമായി വിമാനം ദുബായിലിറക്കി രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. യുകെയിൽ നിന്നും കേരളത്തിലേയ്ക്കുള്ള മിക്കവാറും എല്ലാ വിമാനത്തിലും ഡോക്ടേഴ്സും നെഴ്സുമാരും മറ്റ് ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരുമുണ്ടായികൊണ്ടിരിക്കുന്നത് സർവ്വസാധാരണമായികൊണ്ടിരിക്കുകയാണ്. ഇവരുടെ സേവനം പലപ്പോഴും വിമാന കമ്പനിയ്ക്കും യാത്രക്കാർക്കും തുണയായി എത്താറുണ്ട്. ഇതിന് കാരണം യുകെയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരാണ്.

ദുബായിലുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ പ്രാഥമിക ചികിത്സ കഴിഞ്ഞ് ഇന്നലെ ഏയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ മലയാളി നെഴ്സ് തുടർ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി.

ഒരു യാത്രക്കാരി എന്ന നിലയിൽ ഏയർ ഇന്ത്യയുടെ ദുബായിലെ ഓഫീസിൽ നിന്നും കാര്യമായ ഒരു സഹായവും ഉണ്ടായില്ല. തനിച്ചുള്ള യാത്രയിൽ ആരോഗ്യപരമായ കാരണങ്ങളാൽ യാതൊരു പരിചയവുമില്ലാത്ത രാജ്യത്ത് പെട്ടുപോകുമ്പോൾ സഹായത്തിനായി എത്തേണ്ടത് വിമാന കമ്പനികളാണ്. അമിതമായ പൈസ കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ അവർക്ക് സുരക്ഷയൊരുക്കേണ്ടത് വിമാന കമ്പനികളുടെ ചുമതലയാണ്. ആ വിധത്തിലുള്ള ഒരു സഹകരണവും ഏയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ദുരവസ്ഥയുണ്ടായ നെഴ്സ് പറഞ്ഞു.

വളരെ പ്രകോപനപരമായിട്ടാണ് ജീവനക്കാർ സംസാരിച്ചത്. യാത്രക്കാരിയുടെ ലഗേജി നെക്കുറിച്ചോ, ദുബായിൽ നിൽക്കുന്ന വിസയുടെ സ്റ്റാറ്റസിനേക്കുറിച്ചോ തുടർ നടപടികളെക്കുറിച്ചോ ഒന്നും ജീവനക്കാർക്ക് അറിവില്ല. ഒന്നിനും ഒരു മറുപടിയില്ല. ഏയർ ഇന്ത്യയ്ക്കെതിരെ കേസു കൊടുക്കാൻ പോലും മറ്റു യാത്രക്കാർ പറഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഏയർ ഇന്ത്യയുടെ സൗകര്യങ്ങളിൽ തൃപ്തരല്ലെന്നാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന സ്വദേശിയരും വിദേശീയരുമായ യാത്രക്കാരുടെ പൊതുവെയുള്ള അഭിപ്രായം.

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ഇന്നലെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.

ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.

അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കോവിഡ് മഹാമാരി കാരണം 2020 , 2021ലും രാജ്യത്തെ പല പരീക്ഷകളും റദ്ദാക്കിയിരുന്നു. പരീക്ഷകൾക്ക് പകരം കുട്ടികളുടെ ക്ലാസ് റൂമിലെ പ്രകടനത്തെ വിലയിരുത്തി അധ്യാപകർ ഗ്രേഡ് നൽകുന്ന സംവിധാനമാണ് കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ ആ കാലയളവിൽ ഒട്ടുമിക്ക കുട്ടികൾക്കും പ്രതീക്ഷിച്ചതിനേക്കാൾ മികവാർന്ന ഗ്രേഡുകളാണ് ലഭിച്ചത്. എന്നാൽ ഈ വർഷം മുതൽ പരീക്ഷ നടത്തിപ്പുകൾ സാധാരണ നിലയിലായിരിക്കുമെന്ന് പരീക്ഷാ റെഗുലേറ്റർ അറിയിച്ചു കഴിഞ്ഞു .

2022 – ൽ നടന്ന ജിസിഎസ്ഇ പരീക്ഷയിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള പാഠഭാഗങ്ങളെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഈ വർഷം ആ നടപടി ഉണ്ടാകില്ല എന്നാണ് വിദ്യാർഥികളെ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും വിദ്യാർത്ഥികളെ സഹായിക്കുന്ന ചില കാര്യങ്ങൾ തുടർന്നും ചെയ്യുമെന്നാണ് പരീക്ഷാ റെഗുലേറ്റർ അറിയിച്ചിരിക്കുന്നത്.

ഇതിൻറെ ഭാഗമായി പരീക്ഷകൾ തമ്മിലുള്ള ഇടവേളകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് വിശ്രമത്തിനും പരീക്ഷകൾക്കായി കൂടുതൽ പഠിക്കുന്നതിനും സമയം പ്രധാനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടാതെ ജി സി എസ് ഇ വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ സൂത്രവാക്യങ്ങളും സമവാക്യങ്ങളും ചോദ്യത്തിന്റെ ഭാഗമായി നൽകാനും തീരുമാനമായിട്ടുണ്ട്. ഇത് സൂത്രവാക്യങ്ങളും സമവാക്യങ്ങളും കുട്ടികൾ കാണാതെ പഠിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും .

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ വോട്ടവകാശത്തിന്റെ കാര്യത്തിൽ ചില നയപരമായ തീരുമാനങ്ങൾ എടുക്കുമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. യുകെയിൽ താമസിക്കുന്ന ചില രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് വോട്ടവകാശം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു. ഇതോടൊപ്പം പതിനാറും പതിനേഴും വയസ്സ് പ്രായമായവർക്കും വോട്ടവകാശം നൽകുന്ന കാര്യവും പാർട്ടിയുടെ പരിഗണനയിൽ ഉണ്ട് .


2020 -ൽ തന്നെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ബ്രിട്ടനിൽ താമസിക്കുന്ന എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യുകെയിൽ പൂർണമായ വോട്ട് അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം തങ്ങളുടെ പ്രകടനപത്രികയുടെ ഭാഗമായി അവതരിപ്പിക്കുമെന്നാണ് ലേബർ പാർട്ടി പറയുന്നത്. ഇവിടെ താമസിച്ച് രാജ്യത്തിനായി സംഭാവന നൽകുന്നവരെ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്നാണ് ലേബർ പാർട്ടിയുടെ വാദം.

പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർക്ക് വോട്ടവകാശം നൽകുന്നത് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൺസർവേറ്റീവ് പാർട്ടി കാണുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും അടുത്ത യു കെ സർക്കാരിനെ തിരഞ്ഞെടുക്കാനുമുള്ള അവകാശം ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമുള്ളതാണെന്നാണ് ഈ വിഷയത്തെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഗ്രെഗ് ഹാൻഡ്‌സ് പ്രതികരിച്ചത്. നിലവിൽ യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഏകദേശം 3.4 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാർ യുകെയിൽ ഉണ്ടെന്നാണ് കണക്കുകൾ . വോട്ടിംഗ് പ്രായം 16 വയസ്സായി കുറയ്ക്കുമെന്ന് ലേബർ പാർട്ടി 2015 -ലെയും 2017 – ലെയും പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു

സ്വന്തം ലേഖകൻ 

ബാൻബറി : ജീവിത പ്രാരാബ്‌ധങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ 2020 ൽ യുകെയിലെത്തിയ ബാൻബറിക്കാരിയായ മലയാളിയായ നേഴ്‌സിന് തന്റെ നേഴ്‌സിങ്ഹോം മാനേജരായ ഇംഗ്ളീഷുകാരിയിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത വംശീയ അധിക്ഷേപങ്ങളും , പീഡനങ്ങളും . തന്റെ ജോലി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരെയും പോലെ സഹിച്ചും പൊറുത്തും മുന്നോട്ട് പോയ ഈ ബാൻബറിക്കാരിയായ മലയാളി നേഴ്‌സിന്  ഇതേ മാനേജർ കാരണം അവസാനം സ്വന്തം ജോലിയും പോയി , തന്റെ പിൻ നമ്പർ നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടായി , അതോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഗതികേടിലുമായി . ജീവിതം വഴി മുട്ടി നിന്ന സാഹചര്യത്തിൽ സധൈര്യം നിയമ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ ഈ മലയാളി നേഴ്‌സിന് താങ്ങായത് യുകെയിലെ പ്രമുഖ വക്കീലായ അഡ്വ ബൈജു തിട്ടാലയാണ്.

 

ഏഷ്യൻ വംശജരുടെ നിറത്തോട് തോന്നിയ വെറുപ്പായിരുന്നു തുടക്കമെങ്കിൽ തുടർന്ന് എല്ലാ ജോലി കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന രീതിയിലേയ്ക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു ഈ ഇംഗ്ളീഷുകാരിയായ മാനേജർ. തനിക്ക് ട്രെയിനിംഗ് നൽകണം എന്ന് പലതവണ ആവശ്യപ്പെട്ട ഈ നേഴ്സിനോട് ഞങ്ങൾ പറയുന്നതുപോലെ ജോലി ചെയ്തില്ലെങ്കിൽ നിന്റെ വർക് പെർമിറ്റ് റദ്ദാക്കി നാട്ടിലേയ്ക്ക് കയറ്റി വിടുമെന്ന് പലതവണ ഈ മാനേജർ ഭീക്ഷിണിപ്പെടുത്തിയിരുന്നു. ശരിയായ ട്രെയിനിംഗ്‌ പോലും നൽകാതെ കടുത്ത പിരിമുറക്കത്തിൽ ജോലി ചെയ്ത മലയാളി നേഴ്സിന് ജോലി സമയത്ത് സംഭവിച്ച ചെറിയ പിഴവിനെ പർവ്വതീകരിച്ച് എൻ എം സിക്ക് റിപ്പോർട്ട് ചെയ്ത മാനേജർ ഈ മലയാളി നേഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ച ഈ നേഴ്‌സിനെ ജോലിക്ക് എടുക്കരുതെന്നും , ഞങ്ങൾ പിരിച്ച് വിട്ടതാണെന്നും അറിയിച്ച് പുതിയ ഹോമിൽ ജോലി ലഭിക്കാതിരിക്കാനുള്ള ഹീന ശ്രമവും ഈ ഇംഗ്ളീഷുകാരി നടത്തി.

 

തനിക്ക് ഈ രാജ്യത്ത് നില നിൽക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞ ഈ നേഴ്സ് അവസാനം യുകെയിലെ പ്രമുഖ ക്രിമിനൽ വക്കീലായ അഡ്വ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ ക്രിമിനൽ കേസ്സുകൾ മാത്രമേ പരിഗണിക്കുകയുളളൂ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തുടക്കത്തിൽ അഡ്വ ബൈജു തിട്ടാല ഈ കേസ്സ് എടുക്കാൻ തയ്യാറായില്ല . പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതിനുശേഷം  തീരുമാനമെടുത്തുകൊള്ളൂ എന്ന് ആവശ്യപ്പെട്ട മലയാളി നേഴ്സിന്റെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞ അഡ്വ ബൈജു തിട്ടാല ഈ നേഴ്‌സിനായി എൻ എം സിയിൽ ഹാജരാകുകയായിരുന്നു . എൻ എം സിയുടെ ഏഴ് ദിവസം നീണ്ടു നടന്ന വിചാരണ വേളയിൽ തെളിവെടുപ്പിനായി ഹാജരാകാൻ വിസമ്മതിച്ച ഇംഗ്ളീഷുകാരി മാനേജരെ ഹൈകോർട്ട് സമൻസിന്റെ സഹായത്തോടയാണ് അഡ്വ ബൈജു തിട്ടാല എൻ എം സിയിൽ എത്തിച്ചത്.

 

തുടർന്ന് എൻ എം സിയുമായി നടത്തിയ ഏഴ് ദിവസത്തെ വാദത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കുകയും , ഈ നേഴ്‌സിനെതിരെ പരാതി നൽകിയ ഇംഗ്ളീഷുകാരി മനേജർക്കെതിരെ എൻ എം സി നിയമ നടപടി ആരംഭിക്കുകയും ചെയ്തു . തന്റെ ജോലിസ്ഥലത്ത് വംശീയ വെറി കാട്ടി എന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ളീഷുകാരി മാനേജർക്ക് അവരുടെ ജോലിയും പോയി , അവസാനം മലയാളി നേഴ്‌സിനെ കുടുക്കാൻ പോയ അവർ പ്രതിയായ അവസ്ഥയിലുമാണ് ഇപ്പോൾ.

 

ഇംഗ്ളീഷുകാരി മാനേജർക്കെതിരെ എൻ എം സി സ്വമേധയാൽ എടുത്ത കേസിൽ ഈ മലയാളി നേഴ്സ് സാക്ഷിയായതിനാലും , ഒരുപക്ഷേ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉള്ളതിനാലും അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഈ മലയാളി നേഴ്‌സിന്റെ പേര് വിവരങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത് .

ഇപ്പോൾ ഈ നേഴ്സ് സീനിയർ നേഴ്സായി ജോലി ചെയ്യുന്ന ബാൻബറിയിലെ ഗ്ലിബ് ഫീൽഡ് നേഴ്‌സിംഗ് ഹോമിന്റെ മാനേജരായ നിഷാ ഷാജി എന്ന മലയാളി മാനേജർ നൽകിയ പിന്തുണ ഈ കേസിന്റെ വിജയത്തിൽ വളരെയധികം നിർണ്ണായകമായി. ഈ കേസ്സിന്റെ വിജയം യുകെയിൽ മാനേജർമാരായി ജോലി ചെയ്യുന്ന ഓരോ മലയാളി മാനേജർമാർക്കും ഒരു പാഠവും , അതോടൊപ്പം മറ്റ് മലയാളി നേഴ്‌സുമാർക്ക് പ്രചോദനവുമാകട്ടെ..

ഈ വാർത്തയുമായി ബന്ധപ്പെട്ട് മലയാളംയുകെ ന്യൂസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഇപ്പോൾ  നിലവിലുള്ള കേസ്സിന്റെ പുരോഗതിക്ക് അനുസരിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

RECENT POSTS
Copyright © . All rights reserved