ന്യൂസ് ഡെസ്ക് മലയാളം യുകെ
വിസ്റ്റൺ ഹോസ്പിറ്റലിൽ ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയെ തുടർന്ന് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ലിവർപൂളിലെ ജെയ്സൺ സ്ട്രീറ്റിൽ താമസിക്കുന്ന സിദ്ധാർത്ഥ് നായർ (28) എന്നയാളിനെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്.
ജനുവരി 30 ചൊവ്വാഴ്ച വൈകുന്നേരമാണ് വിസ്റ്റൺ ഹോസ്പിറ്റലിൽ സ്ത്രീ ബലാത്സംഗത്തിന് ഇരയായി എന്ന റിപ്പോർട്ടുകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിറൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 29 വ്യാഴാഴ്ച ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കാനായി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതി സിദ്ധാർത്ഥ് നായർ ഇവിടെ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഇയാൾ ഇവിടെ സ്റ്റുഡൻറ് വിസയിലാണോ അതോ ഡിപെൻഡൻഡ് വിസയിലാണോ വന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സംഭവത്തിന്റെ പുറകിലുള്ള സത്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. പ്രതി ചേർക്കപ്പെട്ടിരിക്കുന്ന സിദ്ധാർത്ഥ് നായർ പ്രാദേശിക മലയാളി സമൂഹവുമായി അധികം അടുപ്പമുള്ള ആളായിരുന്നില്ല എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ കടുത്ത സുരക്ഷ വീഴ്ചയെ കുറിച്ച് ഇന്നലെ മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു .
Leave a Reply