ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- റോച്ച്ഡെയിൽ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിക്കുള്ള പിന്തുണ പിൻവലിച്ചിരിക്കുകയാണ് ലേബർ പാർട്ടി. യഹൂദ വിരുദ്ധ പ്രസ്താവനയെ തുടർന്ന് നിരവധി വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അദ്ദേഹത്തിനെതിരെ ഉയർന്നതിനാൽ അസ്ഹർ അലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗാസയെ ആക്രമിക്കുന്നതിന് വഴിയൊരുക്കുന്നതിനായി ഒക്ടോബർ 7 ന് തങ്ങളുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ ഇസ്രായേൽ മനഃപൂർവം ഹമാസിനെ അനുവദിച്ചുവെന്ന പ്രസ്താവനയാണ് അലി നടത്തിയത്. ഫെബ്രുവരി 29 -ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നോമിനേഷനുകൾ അവസാനിച്ചതിനാൽ തന്നെ, അസ്ഹർ അലിയെ മാറ്റി മറ്റൊരു ലേബർ പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുവാൻ വളരെ വൈകിയിരിക്കുന്ന സാഹചര്യമാണ് ഇത്. അതിനാൽ റോച്ച്ഡെയ്ലിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി അലി ബാലറ്റിൽ തുടരുമെങ്കിലും, അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാൽ സ്വതന്ത്ര എംപിയായി ഇരിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യേണ്ടതായി വരും. ലേബർ പാർട്ടിക്ക് ഇത് കനത്ത ഒരു തിരിച്ചടിയായാണ് മാറിയിരിക്കുന്നത്.
ഏകദേശം 9,000 ത്തോളം ഭൂരിപക്ഷമുള്ള ഗ്രേറ്റർ മാഞ്ചസ്റ്റർ സീറ്റ് ലേബർ പാർട്ടി വെറുതെ വിട്ടുകൊടുക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇസ്രായേൽ വിരുദ്ധ പ്രസ്താവന നടത്തിയതിന് അസ്ഹർ അലി മാപ്പ് പറഞ്ഞതിനാൽ ലേബർ പാർട്ടി അദ്ദേഹത്തെ പിന്തുടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പലവിധ എതിർപ്പുകൾ വന്നതിനെ തുടർന്നാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മാധ്യമസമർദ്ദം മൂലം മാത്രമാണ് ലേബർ പാർട്ടിയുടെ ഈ തീരുമാനമെന്ന് പ്രധാനമന്ത്രി റിഷി സുനക് കുറ്റപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് അലിയുടെ പേരിൽ നടത്തുന്ന ലഘുലേഖകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും അവസാനിപ്പിക്കുവാൻ റോച്ച്ഡെയ്ലിലെ പ്രചാരകർക്ക് ലേബർ പാർട്ടി ആസ്ഥാനത്തുനിന്ന് നിർദ്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യഹൂദവിരുദ്ധതയോടും എല്ലാത്തരം വംശീയതയോടും സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന സ്റ്റാർമറിൻ്റെ വാഗ്ദാനങ്ങളിൽ നിന്നുള്ള നിരാശാജനകമായ മാറ്റമാണ് അലിയെ പിന്തുണയ്ക്കുന്നതെന്ന് ലേബർ എംപിമാരും അംഗങ്ങളും ഒരുപോലെ കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ എത്തിയതോടെയാണ് സ്റ്റാർമാർ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
Leave a Reply