ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിൽ നിന്നും, ഇപ്പോൾ ഒമിക്രോണിൽ നിന്നും കരകയറാൻ ബ്രിട്ടൻ തീവ്രശ്രമം നടത്തുകയാണ്. എന്നാൽ എല്ലാ മേഖലയിലും ശക്തമായ തിരിച്ചുവരവ് നടത്താൻ രാജ്യത്തിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്. കുതിച്ചുയരുന്ന നാണയപെരുപ്പവും നികുതിയും മറ്റ് ജീവിത ചെലവുകളും സാധാരണ യുകെ മലയാളികളെ ഇരുട്ടിലാക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക രംഗം കാരണം ഈ വർഷം ജീവിതം കൂടുതൽ ദുരിതപൂർണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 2022 ൽ സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്;

മിനിമം വേതനം

ഏപ്രിലിൽ, മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയരും. ഇതിലൂടെ ഏകദേശം ഇരുപത് ലക്ഷത്തോളം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ മിനിമം ആയിരം പൗണ്ടോളമാണ് അധികമായി ലഭിക്കുക. 23 വയസ്സിന് മുകളിലുള്ളവരുടെ നാഷണൽ ലിവിങ് വേജും വർദ്ധിപ്പിക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.

റെയിൽവേ നിരക്കുകൾ, ടിവി ലൈസൻസ്

മാർച്ചിൽ റെയിൽവേ നിരക്കുകൾ 3.8% വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) അറിയിച്ചു. നാണയപെരുപ്പത്തിന് അനുസൃതമായാണ് റെയിൽവേ നിരക്കും കണക്കാക്കുന്നത്. ഏപ്രിലിൽ ടിവി ലൈസൻസ് ഫീസ് വീണ്ടും ഉയരുമെന്നാണ് ഇപ്പോഴുള്ള വിവരം.

സ്റ്റേറ്റ് പെൻഷൻ

ഏപ്രിൽ മുതൽ സ്റ്റേറ്റ് പെൻഷനിൽ 5.50 പൗണ്ടിന്റെ വർധനയുണ്ടാകും. 3.1% വർധനയിലൂടെ സംസ്ഥാന പെൻഷനിലുള്ളവരുടെ വാർഷിക വരുമാനം 9,628.50 പൗണ്ടിലേക്ക് ഉയരും. അധികമായി 289.50 പൗണ്ട് ലഭിക്കും. 1951 ഏപ്രിൽ 6-നോ അതിനു ശേഷമോ ജനിച്ച പുരുഷന്മാർക്കും 1953 ഏപ്രിൽ 6-നോ അതിനുശേഷമോ ജനിച്ച സ്ത്രീകൾക്കും പുതിയ സംസ്ഥാന പെൻഷൻ ക്ലെയിം ചെയ്യാൻ കഴിയും.

വീട്, വാഹന ഇൻഷുറൻസ്

ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ഈ വർഷം പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പ്രകാരം അധിക തുക നൽകേണ്ടി വരില്ല. ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. ഇതിലൂടെ പത്തു വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ടിന്റെ ലാഭമുണ്ടാകും.

നാഷണൽ ഇൻഷുറൻസ് റേറ്റ് വർദ്ധനവ്

ജീവനക്കാരും തൊഴിലുടമകളും സ്വയം തൊഴിൽ ചെയ്യുന്നവരും 2022 ഏപ്രിൽ മുതൽ അവർ സമ്പാദിക്കുന്ന ഓരോ പൗണ്ടിനും നാഷണൽ ഇൻഷുറൻസിൽ (NI) 1.25 പെൻസ് അധികം നൽകേണ്ടി വരും. ഇത് ഇടത്തരം കുടുംബങ്ങളെയാണ് ബാധിക്കുക. ഈ വർദ്ധനവ് പ്രകാരം ഒരു ശരാശരി ജീവനക്കാരൻ വർഷത്തിൽ 255 പൗണ്ട് അധിക നികുതിയായി നൽകണം. പ്രതിവർഷം 20,000 പൗണ്ട് ശമ്പളമുള്ള ഒരു ജീവനക്കാരൻ 130 പൗണ്ട് അധികമായി നൽകണം. 2023 മുതൽ ഇത് ഹെൽത്ത്, സോഷ്യൽ കെയർ ടാക്സ് ആയി അറിയപ്പെടും. പ്രതിവർഷം 9,564 പൗണ്ടിൽ താഴെയോ പ്രതിമാസം 797 പൗണ്ടിന് താഴെയോ വരുമാനമുള്ള ആളുകൾ നാഷണൽ ഇൻഷുറൻസ് നൽകേണ്ടതില്ല.

എനർജി പ്രൈസ് ക്യാപ്, കൗൺസിൽ ടാക്സ് റേറ്റ്

ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ്പിൽ 280 പൗണ്ടിന്റെ വർധന ഉണ്ടാകും. കുടുംബ ബജറ്റില്‍ 600 പൗണ്ടിന്റെയെങ്കിലും അധികം ചെലവ് ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവ് കൊണ്ടുവരും എന്നാണ് കണക്കുകൂട്ടുന്നത്. അതോടൊപ്പം പ്രാദേശിക കൗണ്‍സിലുകൾ കൗണ്‍സില്‍ ടാക്‌സില്‍ ഏകദേശം 3 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുവാന്‍ ആലോചിക്കുന്നു. ഇതിൽ ഒരു ശതമാനം സോഷ്യൽ കെയറിനായി നീക്കി വയ്ക്കും. 33 പട്ടണങ്ങളിലെ താമസക്കാർക്ക് അവരുടെ ബില്ലുകൾ 6 ശതമാനം വരെ ഉയരും. ഇത് പല കുടുംബങ്ങളെയും മോശമായി ബാധിക്കും.

പഴയ 20, 50 പൗണ്ട് നോട്ടുകൾ പിൻവലിക്കുന്നു.

പഴയ രീതിയിലുള്ള പേപ്പർ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ 20,50 പൗണ്ട് നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂലൈ 6 മുതൽ പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ ഘടിപ്പിക്കും.

ലോക്കൽ ക്ലീൻ എയർ സോൺ ചാർജുകൾ

വായു മലിനീകരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സ്ഥലങ്ങൾ ക്ലീൻ എയർ സോണിലേക്ക് മാറും. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് പ്രതിദിനം 12.50 പൗണ്ട് പിഴ ഈടാക്കും. ഈ വർഷം, ഗ്രേറ്റർ മാഞ്ചസ്റ്ററും ബ്രാഡ്‌ഫോർഡും ക്ലീൻ എയർ സോണുകൾ അവതരിപ്പിക്കും. മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ 2022 മെയ് 30-ന് ആരംഭിക്കും. അതേസമയം ബ്രാഡ്‌ഫോർഡ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ആളുകൾക്ക് അവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പോസ്റ്റ് ഓഫീസ് കാർഡ് അക്കൗണ്ടുകൾ. എന്നാൽ ഇവയിലേക്കുള്ള പണമിടപാട് നിർത്താൻ എച്ച്എംആർസി ഒരുങ്ങുകയാണ്. ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവർ ബദൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.