ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മൈക്കൽ ഗോവിന്റെ പുതിയ പ്ലാനുകൾ പ്രകാരം വീട്ടുടമകൾക്ക് ഇനി മുതൽ പ്ലാനിങ് പെർമിഷൻ ഇല്ലാതെ തന്നെ വലിയ എക്സ്റ്റൻഷനുകളും, ലോഫ്റ്റ് കൺവേർഷനുകളും നടത്താം. വീടുകൾക്ക് മുകളിലേക്കും വശങ്ങളിലേക്കും വലുപ്പം വർദ്ധിപ്പിക്കുവാൻ അനുമതി നൽകുന്ന പുതിയ മാറ്റങ്ങൾ ഇന്നലെയാണ് ഹൗസിങ് സെക്രട്ടറി മൈക്കൽ ഗോവ് പ്രഖ്യാപിച്ചത്. പ്ലാനുകളിൽ എൽ ആകൃതിയിലുള്ള റാപ്പ്റൗണ്ടുകൾ, ലോഫ്റ്റ് കൺവേർഷനുകൾ, അടുക്കള വിപുലീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ, കെട്ടിടങ്ങളും വിപുലീകരണങ്ങളും മറ്റും ചുറ്റുമുള്ള ഭൂമിയുടെ 50 ശതമാനത്തിൽ കവിയാൻ പാടില്ല എന്നുള്ള കർട്ടിലേജ് നിയമങ്ങളും ഇനിമുതൽ അസാധുവാകും എന്നാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പുതിയ നടപടികളിൽ വ്യക്തമാകുന്നത്. റൂഫിന് കീഴിലുള്ള ലോഫ്റ്റുകൾ ശരിയാക്കി അവ ഇഷ്ടം പോലെ റൂമുകൾ ആക്കി എടുക്കാനുള്ള അനുമതിയും ഇതോടൊപ്പം വീട്ടുടമകൾക്ക് ഉണ്ടാകും. രാജ്യത്തുടനീളമുള്ള പട്ടണങ്ങളുടെയും നഗരങ്ങളുടെയും സാന്ദ്രത വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റിവ് നയമാണ് മൈക്കൽ ഗോവിന്റെ പ്രഖ്യാപനം വെളിവാക്കുന്നത്. ബ്രിട്ടനിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ വീടുകൾ നിർമ്മിക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താനും ലെവലിംഗ് അപ്പ് സെക്രട്ടറി ഗോവ് ആഗ്രഹിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM


എന്നാൽ പുതിയ മാറ്റങ്ങൾ അയൽക്കാർ തമ്മിലുള്ള കലഹങ്ങൾ വർദ്ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗാർഡൻ ഫെൻസുകൾ അതിക്രമിച്ച കയറുന്ന അടുക്കള വിപുലീകരണങ്ങളും, അതോടൊപ്പം തന്നെ സൂര്യപ്രകാശം എത്തുന്നത് തടയുന്ന തരത്തിലുള്ള നിർമാണങ്ങളും മറ്റും കൂടുതൽ പ്രശ്നങ്ങൾ അയൽക്കാർ തമ്മിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. നിലവിലെ നിയമങ്ങൾ പ്രകാരം, ലോഫ്റ്റ് വിപുലീകരണം മിക്ക കേസുകളിലും 50 ക്യുബിക് മീറ്ററിലേക്കോ ടെറസ് ഉള്ള വീടുകളിൽ 40 ക്യുബിക് മീറ്ററിലേക്കോ പരിവർത്തനം പരിമിതപ്പെടുത്തുന്നുണ്ട്. എന്നാൽ പുതിയ നിയമങ്ങൾ ലോഫ്‌റ്റ് സ്‌പേസ് ലഭ്യമാകുന്നത്ര പരിവർത്തനം ചെയ്യാൻ വീട്ടുടമസ്ഥരെ അനുവദിക്കും. എൽ ആകൃതിയിലുള്ള വിപുലീകരണങ്ങൾക്ക് നിലവിൽ ആസൂത്രണ അനുമതി ആവശ്യമാണ്. എന്നാൽ പുതിയ നിയമങ്ങളിൽ ഈ അനുമതി ആവശ്യമാകുന്നില്ല.


അതോടൊപ്പം തന്നെ പിന്നിലെ രണ്ടുനില പണിയുന്നതിന്റെ ഏറ്റവും ഉയർന്ന പോയിന്റ് നിലവിലെ നിയമങ്ങൾ പ്രകാരം വീടിൻ്റെ ഏറ്റവും ഉയർന്ന സ്ഥലത്തേക്കാൾ ഉയർന്നതായിരിക്കരുത് എന്ന് വ്യക്തമാക്കുന്നുണ്ട്. പുതിയ മാറ്റങ്ങളിൽ വീടിൻ്റെ ഏറ്റവും ഉയർന്ന ഭാഗത്തോളം ഉയരത്തിലാകാം, എന്നാൽ തെരുവിൽ നിന്ന് ദൃശ്യമാകരുത് എന്ന് മാത്രമാണ് നിർദ്ദേശിക്കുന്നത്. പുതിയ നിയമങ്ങൾ എത്രത്തോളം ജനങ്ങൾക്കിടയിൽ ഭിന്നത കൊണ്ടുവരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.