ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹഡേഴ്സ് ഫീൽഡിലും ഹാലി ഫാക്സിലും ഫ്ലൂ കേസുകൾ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം മൂന്നിരട്ടിയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഹഡേഴ്‌സ്‌ഫീൽഡ് റോയൽ ഇൻഫർമറിയും കാൽഡെർഡേൽ റോയൽ ഹോസ്പിറ്റലിലും പനി ബാധിച്ചവരുടെ എണ്ണം കൂടുതലായത് കാരണം കടുത്ത സമ്മർദ്ദത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ആഴ്ച പനിബാധിതരുടെ എണ്ണം 737 ആയിരുന്നെങ്കിൽ ഒരാഴ്ച കൊണ്ട് 2390 പേരെയാണ് രോഗം പിടികൂടിയത്. ഒരാഴ്ച കൊണ്ട് മൂന്ന് മടങ്ങ് രോഗികളുടെ എണ്ണം വർദ്ധിച്ചത് കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഈ പ്രദേശത്തെ പനി ബാധിതരുടെ എണ്ണം. പനി ബാധിതരുടെ എണ്ണത്തിലെ ശരാശരി 565 ഉം കോവിഡ് ബാധിതരുടെ എണ്ണം 3232 ആണ് ദേശീയ ശരാശരി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടി കൂടുതൽ പനി ബാധിച്ച രോഗികളെ തങ്ങൾ പരിചരിക്കേണ്ടതായി വന്നതായി ഹഡേഴ്സ്ഫീൽഡ് എൻ എച്ച് എസ് ഫൗണ്ടേഷന്റെ മെഡിക്കൽ ഡയറക്ടർ ഡേവിഡ് ബിർക്കർ ഹെഡ് പറഞ്ഞു. പനി ബാധിച്ചവരുമായി ഇടപെഴുകന്നത് ഒഴിവാക്കാനാണ് രോഗം പകരാതിരിക്കാൻ വിദഗ്ധർ നൽകുന്ന നിർദ്ദേശം. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളിലും പനിബാധിതരുടെ എണ്ണം കൂടുതലായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് . കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എല്ലാ ആശുപത്രികളിലെയും പനി ബാധിതരുടെ എണ്ണം വളരെ കൂടിയതായി എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിഡ് പറഞ്ഞു.