കേരള സാംസ്കാരിക വകുപ്പിനുകീഴിലുള്ള മലയാളം മിഷന്റെ പ്രഥമ പ്രവാസി സാഹിത്യ പുരസ്ക്കാരത്തിന് യുകെ പ്രവാസി ശ്രീകാന്ത് താമരശ്ശേരിയുടെ ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കവിതാ സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.
ലോകമാതൃഭാഷാ ദിനമായ ഫെബ്രുവരി21 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ബഹു കേരള മുഖ്യമന്ത്രി ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്ന ‘മലയാണ്മ’ യിൽ 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്ക്കാരം കൈമാറുമെന്ന് സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ നിയമസഭാ മീഡിയാ റൂമിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. പ്രശസ്‌ത കവിയും ഐ എം ജി ഡയറക്‌ടറുമായ കെ ജയകുമാർ ഐ എ സ് , പ്രശസ്‌ത സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. കേരള നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ടീനേജ് ജീവിതത്തിൽ നിന്നുപോയ കവിതയെഴുത്ത് കോവിഡ്കാലത്താണ് ശ്രീകാന്ത് പുനരാരംഭിച്ചത്.കൈരളി ടിവിയുടെ കവിതാ റിയാലിറ്റി ഷോ ആയ മാമ്പഴം സീസൺ 2 വിലെ ഒന്നാം സ്ഥാനക്കാരനാണ് ജാഗ്വാർ ലാൻഡ് റോവർ യുകെ യിൽ എൻജിനീയറായ ശ്രീകാന്ത് താമരശ്ശേരി.
ബർമിംഗ്ഹാമിലെ ബി സി എം സി യിൽ അംഗമായ ശ്രീകാന്ത് താമരശ്ശേരി മുൻ യുക്മ കലാപ്രതിഭകൂടിയാണ് . എൻജിനീയറായ ഗായത്രിയാണ് ഭാര്യ .രണ്ടുകുട്ടികൾ ആദിത്യ & ആനന്ദ.
പുരസ്ക്കാരത്തിനർഹമായ ‘കടൽകടന്ന കറിവേപ്പുകൾ’ എന്ന പുസ്തകം ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ആവശ്യമുള്ളവർ 07721008774 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
Leave a Reply