ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളി മരണങ്ങളിൽ പ്രധാന വില്ലനായി അവതരിക്കുന്നത് ക്യാൻസർ രോഗവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്. ഇതിൽ ഒന്നാം സ്ഥാനത്ത് ക്യാൻസർ തന്നെയാണ് . വാറിംഗ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളിയുടെയും ലൈജുവിന്റെയും രണ്ടാമത്തെ മകളായ മെറീന ബാബു 20-ാം മത്തെ വയസ്സിലാണ് ബ്ലഡ് ക്യാൻസർ മൂലം ഫെബ്രുവരി 20-ാം തീയതി മരണമടഞ്ഞത്. ഒരു മാസം മുമ്പ് മാത്രം വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയ ഡേവിഡ് സൈമൺ (25) ഫെബ്രുവരി 25 -ാം തീയതി മരണമടഞ്ഞത് ക്യാൻസർ രോഗം മൂലമാണ്. അടുത്തിടെ നടന്ന രണ്ട് മരണങ്ങൾ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. യുകെ മലയാളികളിൽ ഉണ്ടായ മരണത്തിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഭൂരിപക്ഷ മരണങ്ങളുടെയും കാരണം ക്യാൻസർ രോഗമാണെന്ന് കണ്ടെത്താൻ സാധിക്കും.
ക്യാൻസർ രോഗം ബാധിച്ചാൽ അതിനെ നേരിടുന്നതിന് രോഗികൾക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകുക എന്നതാണ് ചികിത്സയ്ക്കൊപ്പം ഏറ്റവും പ്രധാനം. ഇതിനോടൊപ്പം പ്രധാനമാണ് സുഗമമായ ചികിത്സയ്ക്കും മറ്റുമായുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നത്. രോഗാവസ്ഥയെ മറികടക്കുന്നത് വരെ ജോലികൾക്കും മറ്റും പോകാൻ സാധിക്കാത്തതുകൊണ്ട് സാമ്പത്തികമായ നിഷ്ക്രിയമായ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
യുകെയിലെ മിക്ക ക്യാൻസർ ചാരിറ്റികൾക്കും സാമ്പത്തിക വിദഗ്ധർ ഉണ്ട് . ക്യാൻസർ രോഗം ബാധിച്ചാൽ ആനുകൂല്യങ്ങൾക്കായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങളെ സഹായിക്കാൻ അവർക്കാകും. രോഗിയായിരിക്കുമ്പോൾ ജീവിത ചിലവ് നേരിടുന്നതിനു വേണ്ടി ലഭിക്കുന്ന ആനുകൂല്യങ്ങൾ കണ്ടെത്തുന്നതിനായി ക്യാൻസർ ചാരിറ്റിയിലെ സാമ്പത്തിക വിദഗ്ധർക്ക് രോഗിയെയും ബന്ധുക്കളെയും സഹായിക്കാനാവും. ആഴ്ചയിൽ എല്ലാ ദിവസവും മാക് മിലൻ ക്യാൻസർ സപ്പോർട്ടിൽനിന്ന് സേവനം നൽകുന്നുണ്ട്. 0808 8080000 എന്ന നമ്പറിലൊ ചാരിറ്റിയുടെ വെബ്സൈറ്റായ macmillan.org.uk യിൽ നിന്നോ കൂടുതൽ വിവരങ്ങളും ആവിശ്യമായ സഹായങ്ങളും ലഭിക്കും .
ക്യാൻസർ രോഗികളെ സഹായിക്കുന്നതിനുള്ള ചാരിറ്റിയായ മാഗിക്ക് യുകെയിൽ ഉടനീളം 24 കേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലും രോഗികൾക്കും ബന്ധുക്കൾക്കും വിദഗ്ധ നിർദ്ദേശങ്ങൾ നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധർ സഹായിക്കാനുണ്ടാകും. നേരിട്ടോ ഓൺലൈനായോ എല്ലാ പിന്തുണയും നൽകാൻ ഇവർ സന്നദ്ധരാണ്.
യുകെയിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ രോഗിക്ക് സിക്ക് പേയ്ക്ക് അർഹതയുണ്ട്. നിലവിൽ സിക്ക് പേ 109.40 പൗണ്ട് ആണ്. സാധാരണയായി ആഴ്ചയിൽ 123 പൗണ്ട് എങ്കിലും വരുമാനമുള്ള ജീവനക്കാർക്ക് ഇതിനായി അർഹത ഉണ്ട്. ജിപിയിൽനിന്നോ ആശുപത്രിയിൽ നിന്നോ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സിക്ക് പേ ക്ലെയിം ചെയ്യാൻ സാധിക്കും.
Leave a Reply