യുദ്ധവും പട്ടിണിയുംമൂലം ജനങ്ങൾ നരകയാതനയനുഭവിക്കുന്ന ഗാസയിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം 15 കുട്ടികൾ മരിച്ചു. ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിലാണ് ഇവർ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പോഷകാഹാരക്കുറവും വയറിളക്കവുമായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ആറുകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് മന്ത്രാലയവക്താവ് അഷ്‌റഫ് അൽ ഖിദ്‌റ പറഞ്ഞു. ജനറേറ്ററിന്റെ പ്രവർത്തനവും ഒാക്സിജൻ വിതരണവും നിലച്ചതിനാൽ ചികിത്സയും അവതാളത്തിലാണ്. ആഹാരമില്ലാതെ വലയുന്ന ഗാസക്കാർക്ക് ശനിയാഴ്ച യു.എസ്. സൈന്യം വിമാനങ്ങളിൽനിന്ന് മുപ്പതിനായിരത്തോളം ഭക്ഷണപ്പൊതികൾ ഇട്ടുകൊടുത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ്, യു.എസ്., ഖത്തർ പ്രതിനിധികൾ വീണ്ടും ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയിലെത്തി. റംസാൻ ആരംഭിക്കുന്നതിനുമുമ്പായി ആറാഴ്ചത്തെ വെടിനിർത്തൽക്കരാർ സാധ്യമാക്കുകയാണ് ചർച്ചയുടെ മധ്യസ്ഥരായ യു.എസ്., ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ലക്ഷ്യം. ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുക, ജീവകാരുണ്യസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇസ്രയേൽ അംഗീകരിച്ചാൽ 24 മണിക്കൂറിനോ 48 മണിക്കൂറിനോ ഉള്ളിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് ഹമാസ് പറഞ്ഞു.

24 മണിക്കൂറിനിടെ ഗാസയിൽ 90 പേർ കൊല്ലപ്പെട്ടു. ആകെ മരണം 30,410 ആയി. 71,700 പേർക്ക് പരിക്കേറ്റു. യുദ്ധം 5.76 ലക്ഷം ഗാസക്കാരെ കൊടുംപട്ടിണിയിലാക്കിയെന്നാണ് യു.എൻ. കണക്ക്.