ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാറ്റ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കേരളത്തിലെ പത്രങ്ങളിൽ വരുന്ന സ്ഥിരം വാർത്തകളും ചിത്രങ്ങളുമാണ്. പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും ഒപ്പം വാറ്റ് നടത്തിയതിനായി പിടിക്കപ്പെട്ട ആൾക്കാരുടെ ചിത്രങ്ങളും വാർത്തയും പത്രങ്ങളിൽ സ്ഥിരമായി കാണാം . കേരളത്തിൽ ചാരായം വാറ്റുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മദ്യ വില്പനയിൽ നിന്നുള്ള നികുതി വരുമാനമാണ് സർക്കാരിൻറെ പ്രധാന സാമ്പത്തിക സ്ത്രോതസ് . അതുകൊണ്ട് തന്നെ വാറ്റും അനുബന്ധ വ്യവസായവും സ്വകാര്യ വ്യക്തികൾ നടത്തുന്നതിനെ സർക്കാരുകൾക്ക് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല.
എന്നാൽ യുകെയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഒരു വ്യക്തിക്ക് തന്റെ ആവശ്യത്തിനായി മദ്യം വാറ്റി നിർമ്മിക്കുന്നത് കുറ്റകരമല്ല. വിവിധ തരത്തിലുള്ള പഴങ്ങളും മറ്റും ഉപയോഗിച്ച് വാറ്റ് നടത്തി രുചി നുണയുന്ന മലയാളി സൗഹൃദ കൂട്ടായ്മകൾ യുകെയിൽ നിരവധിയുണ്ട്. ഓൺലൈൻ കൂടിയും മറ്റും വാറ്റ് ഉപകരണങ്ങൾ യഥേഷ്ടം ലഭിക്കുകയും ചെയ്യും.

ഈ പാത പിന്തുടർന്ന് കേരളത്തിന്റെ തനതായ വാറ്റു രീതികളുടെ പൊടി കൈകൾ ഉപയോഗിച്ച് സ്വന്തമായി ഒരു ഉത്പന്നം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ഒരു യുകെ മലയാളി സംരഭകൻ . നോർത്ത് ലണ്ടനിൽ താമസമാക്കിയ താമരശ്ശേരി സ്വദേശിയായ ബിനു മാണിയാണ് ഈ സംരംഭത്തിന് പിന്നിൽ. കേരള തനിമയുള്ള ഒറ്റക്കൊമ്പൻ എന്ന പേരാണ് അദ്ദേഹം തന്റെ മദ്യത്തിന് നൽകിയിരിക്കുന്നത് . ഏപ്രിൽ 15 മുതൽ ഒറ്റക്കൊമ്പൻ യുകെയിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങും.
2004 -ൽ യുകെയിലെത്തിയ ബിനു മാണി ബാൻഡ് 8 A നേഴ്സാണ് . ചെറുപ്പംമുതലെ സ്വന്തമായുള്ള സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹമാണ് ലണ്ടനിൽ നിന്ന് 50 മൈൽ ദൂരെയുള്ള സ്വകാര്യ ഡിസ്റ്റിലിറി വാടകയ്ക്ക് എടുത്ത് സർക്കാർ അനുമതിയോടെ ഒറ്റക്കൊമ്പൻ യാഥാർത്ഥ്യമാക്കുന്നതിന്റെ പിന്നിലുള്ളത്. വർഷങ്ങളുടെ കഠിനാധ്വാനമാണ് ഇതിനായി അദ്ദേഹം നടത്തിയത് . ഇതിനായി കേരളത്തിലെ വാറ്റുകളുടെ നാടൻ വിദ്യകൾ ശേഖരിച്ചത് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിനു പിന്നിലുണ്ട്.
പശ്ചിമഘട്ടത്തിൽ നിന്ന് ശേഖരിക്കുന്ന വിവിധ സുഗന്ധദ്രവ്യങ്ങൾ, നെല്ലിക്ക, പുഴുങ്ങാത്ത നെല്ല് എന്നിവയാണ് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിൽ പ്രധാനമായും ഉള്ളത് . ബിനു വിനൊപ്പം നിലവിൽ തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മൂന്ന് ജോലിക്കാരെയുള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുന്ന സംരംഭമായി ഒറ്റക്കൊമ്പനെ വളർത്തിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബിനു











Leave a Reply