ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയ്ക്ക് എതിരെ ശക്തമായ സൈബർ ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ചൈനയുടെ പിന്തുണയുള്ള ഹാക്കർമാരാണ് സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് . ചൈനയെ വിമർശിക്കുന്ന എംപിമാർക്കെതിരെയും യുകെ ഇലക്ഷൻ കമ്മീഷനെതിരെയുമാണ് സൈബർ ആക്രമണം ഉണ്ടായത്. 40 ദശലക്ഷം വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രി ഒലിവർ ബൗഡൻ പറഞ്ഞു .
സൈബർ ആക്രമണത്തോട് കടുത്ത ഭാഷയിലാണ് യുകെ പ്രതികരിച്ചത്. സൈബർ ആക്രമണം ഒരു തരത്തിലും യുകെ വെച്ച് പൊറുപ്പിക്കുകയില്ലെന്നും ചൈനയ്ക്കെതിരെ ശക്തമായ ഉപരോധവുമായി മുന്നോട്ട് പോകുമെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ പറഞ്ഞു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും.
2021 ഓഗസ്റ്റിനും 2022 ഒക്ടോബറിനും ഇടയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നേരെയുണ്ടായ സൈബർ ആക്രമണം ബ്രിട്ടീഷ് ചരിത്രത്തിൽ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും ഗുരുതരമായതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആളുകളുടെ പേരും വിലാസവും അടങ്ങുന്ന ഡേറ്റാ ബാങ്കുകൾ മാത്രമല്ല ഉപതിരഞ്ഞെടുപ്പുകളുടെ കൃത്യനിർവഹണത്തിന്റെ ഭാഗമായി ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തമ്മിലുള്ള അതീവ പ്രാധാന്യമുള്ള ഇമെയിലുകളിലും കടന്നുകയറ്റം ഉണ്ടായി. ചൈനയുടെ പിന്തുണയുള്ള സമാനമായ സൈബർ ആക്രമണങ്ങൾ നേരത്തെ യുഎസിനെതിരെയും ന്യൂസിലൻഡിനുമെതിരെ നടന്നിരുന്നു.
Leave a Reply