സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിസ്തുമസോടെ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ കൂടുതൽ സുഗമമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം ആളുകൾ‌ക്ക് യാത്രകൾ‌ക്കായി ഉടൻ‌ തന്നെ പൊതുഗതാഗതം ഉപയോഗിക്കാം. അതേസമയം തൊഴിലുടമകൾ‌ക്കുള്ള ഉപദേശങ്ങൾ ഓഗസ്റ്റ് 1 മുതൽ‌ മാറും. സുരക്ഷിതമാണെങ്കിൽ ജീവനക്കാരെ ജോലിസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ കമ്പനികൾക്ക് കൂടുതൽ അധികാരം ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. രണ്ടാം ഘട്ട വ്യാപനത്തെ തടയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റിൽ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സ്കോട്ട്ലൻഡ്, വെയിൽസ് , വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ഭരണനിർവഹണങ്ങൾക്ക് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് സംബന്ധിച്ച് സ്വയം തീരുമാനങ്ങൾ എടുക്കാം.

“വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളുകളോട് സർക്കാർ ഉപേദശിക്കുന്നതിനുപകരം, ഞങ്ങൾ തൊഴിലുടമകൾക്ക് കൂടുതൽ അധികാരം നൽകാൻ പോവുകയാണ്. ഒപ്പം അവരുടെ ജീവനക്കാർക്ക് എങ്ങനെ സുരക്ഷിതമായി പ്രവർത്തിക്കാമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.” പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതലാവും ഇത്. എന്നിരുന്നാലും, വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളുകളെ ഉപദേശിക്കുന്നത് തുടരുമെന്ന് വെൽഷ് സർക്കാർ അറിയിച്ചു. ആളുകളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു. ഇന്നലെ രാജ്യത്ത് 114 കൊറോണ വൈറസ് മരണങ്ങൾ കൂടി ഉണ്ടായി. യുകെയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,233 ആയി ഉയർന്നു.

ഉടൻ തന്നെ തൊഴിലാളികൾ വൻതോതിൽ ജോലിയിൽ പ്രവേശിക്കാൻ സാധ്യതയില്ലെന്ന് ബിസിനസ്സ് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ പ്രത്യേകിച്ചും ചെറിയ കമ്പനികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഫെഡറേഷൻ ഓഫ് സ്‌മോൾ ബിസിനസ്സിൽ നിന്നുള്ള മൈക്ക് ചെറി പറഞ്ഞു. ശിശുസംരക്ഷണവും പൊതുഗതാഗതം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും പല ജീവനക്കാർക്കുമുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സിന്റെ പോളിസി ഡയറക്ടർ എഡ്വിൻ മോർഗൻ അറിയിച്ചു. ജൂലൈ 25 മുതൽ ഇൻഡോർ ജിമ്മുകൾ, കുളങ്ങൾ, മറ്റു കായിക സൗകര്യങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ കഴിയും. ഇൻഡോർ തിയേറ്ററുകൾക്കും സംഗീതകച്ചേരികൾക്കും നിയമങ്ങൾ പാലിച്ച് പുനരാരംഭിക്കാൻ കഴിയും. കുടുംബാംഗങ്ങൾക്കായി സാമൂഹിക അകലം പാലിക്കൽ നടപടികളിൽ കൂടുതൽ ഇളവ് വരുത്തുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.