സ്റ്റീവനേജ്: തുടർച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നൽകിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കൽ എത്തിക്സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നൽകുവാൻ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകർന്ന് ഭർത്താവ് റോബിൻ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്.

ഗൈനക്കോളജി വിഭാഗം ഗർഭധാരണ പ്രക്രിയ നിർത്തണമെന്ന് നിർദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കൽ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയിൽ സജീവ നേതൃത്വം നൽകുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിൻ്റോ ഫ്രാൻസീസ് നൽകിയ സന്ദേശം കേൾക്കുവാൻ ഇടയാവുന്നത്.

‘ദൈവദാനം തിരസ്ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികൾക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവർക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിൻ്റോ ഫ്രാൻസിസു തന്നെയാണ് റീകാണലൈസേഷൻ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹിൽഡ ദേവാലയത്തിൽ വെച്ച് ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നൽകിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കൽ പിതാവ് നൽകിയ സന്ദേശത്തിൽ ‘ഉന്നതങ്ങളിൽ നിന്നും നൽകപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിർത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും’ പിതാവ് ഓർമ്മിപ്പിച്ചു.

‘മാതാപിതാക്കളുടെ കരുണയും, സ്നേഹവും, നിസ്വാർത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂർണ്ണമായി സമർപ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും’ മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു.

റോബിൻ-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു.

രണ്ടു വർഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്. ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്സിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്റ് ജോർജ്ജ് ഇടവാംഗങ്ങളായ കോയിക്കര വർഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്‌. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റർ ഹോസ്പിറ്റലിൽ നീനു എത്തുമ്പോൾ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കൺസൾട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നിൽപ്പുണ്ടായിരുന്നു. ‘സങ്കീർണ്ണമായ ആരോഗ്യ വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ വിഭാഗം എന്തെ മുൻകരുതൽ എടുക്കാഞ്ഞതെന്ന’ചോദ്യത്തിന് ‘ഇനിയും ദൈവം തന്നാൽ സന്താനങ്ങളെ സ്വീകരിക്കണം’ എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം വിവരിച്ച നീനു, സത്യത്തിൽ അവർക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയൻ നടത്തിയതെന്നത് മാനുഷികമായിചിന്തിച്ചാൽ സർജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്.

‘ശാസ്ത്രങ്ങളുടെ സൃഷ്‌ടാവിന്റെ പരിപാലനയിൽ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാൽ മക്കളെ സ്വീകരിക്കുവാൻ ഇനിയും ഭയമില്ലെന്നും’ അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നൽകിയ ജോൺ, ഇസബെല്ലാ, പോൾ എന്നീ മൂന്നു കുട്ടികൾ. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവർഷമാണ് കുടുംബത്തിന് കൈവന്നിരിക്കുന്നത് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നൽകുവാൻ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓർക്കുന്നു. ‘പോൾ’ കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോൾ അനുഗ്രഹീത കർമ്മത്തിനു സാക്ഷികളാകുവാൻ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയിൽ പങ്കാളികളാകുവാൻ നീനുവിന്റെ മാതാപിതാക്കൾ നാട്ടിൽ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്.

ഒരുവർഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയിൽ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോൾ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിൻ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്‍കൂളിന്റെയും സമീപം ജിപി സർജറിയോടു ചേർന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോൾ ഇപ്പോഴുള്ള വിലവർദ്ധനവ് ബാധിക്കാതെ തന്നെ ഇവർ നൽകിയ ഓഫർ അംഗീകരിക്കുകയായിരുന്നുവത്രേ.

സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു-റോബിൻ കുടുംബത്തിലെ, മൂത്തമകൾ, മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽ ഇയർ 11 ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽത്തന്നെ ഇയർ 9 വിദ്യാർത്ഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‍ബോളിൽ, ബെഡ്‌വെൽ റേഞ്ചേഴ്സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.

മൂന്നാമത്തെ കുട്ടി ജോൺ വർഗീസ്‌ സെന്റ് വിൻസെന്റ് ഡി പോൾ സ്‌കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്‌. നാലാമത്തെ മകൾ ഇസബെല്ലാ മരിയക്ക്‌ 3 വയസ്സും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്.

‘ദൈവം നൽകുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കൾ തയ്യാറാണവണമെന്നും, കൂടുതൽ കുട്ടികൾ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തിൽ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും’ എന്നാണ് നീനു റോബിൻ ദമ്പതികൾക്ക് ഇത്തരുണത്തിൽ നൽകുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.