തെലുങ്കാനയില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. എംസിബിഎസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ലക്‌സെട്ടിപ്പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ബെസ്ഡ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് നേരെയാണ് തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ വന്‍ ആക്രമണമുണ്ടായത്.

സ്‌കൂളില്‍ ധരിക്കേണ്ട പതിവ് യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന കുട്ടികളോട് കാരണം തിരക്കിയതാണ് ആക്രമണത്തിന് പിന്നിലെ കാരണം. ‘ഹനുമാന്‍ സ്വാമീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു അക്രമം.

ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ അക്രമികള്‍ സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകര്‍ത്തു.

സ്‌കൂളില്‍ യൂണിഫോമില്ലാതെ കുറച്ചു കുട്ടികള്‍ വന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ മതപരമായ കാര്യങ്ങളാലാണ് എന്നായിരുന്നു മറുപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളെ ഫോണില്‍ വിളിക്കാനും ഇതു ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞാല്‍ ധരിക്കാമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ അവര്‍ ഫോണ്‍ വിളിക്കാന്‍ തയാറായില്ലെന്നും സമാധാനപരമായാണ് കുട്ടികള്‍ പോയതെന്നും സ്‌കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. പിന്നാലെ ഇന്നലെ രാവിലെ തീവ്ര ഹിന്ദുത്വ വാദികള്‍ ഒരുമിച്ചെത്തുകയായിരുന്നു. ജയ് ശ്രീറാം വിളികളോടെ എത്തിയ പത്തോളം പേരുടെ എണ്ണം പതിയെ ഇരട്ടിച്ചു. കൂട്ടത്തോടെ ആക്രോശവുമായി എത്തിയ ഹിന്ദുത്വ വാദികള്‍ ആക്രമണം അഴിച്ചു വിടുകയായിരിന്നു.

പോലീസ് എത്തിയിട്ടും അക്രമ ആഹ്വാനവും ആക്രോശവുമായി തീവ്ര ഹിന്ദുത്വ വാദികള്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നു. അക്രമത്തിന്റെ വീഡിയോ തീവ്ര ഹിന്ദുത്വ വാദികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ‘ഹനുമാന്‍ സ്വാമീസ്’ സംഘടന മുഴക്കിയിരുന്നു.

നിലവില്‍ സിആര്‍പിഎഫിന്റെ പത്തു പേര്‍ അടങ്ങുന്ന സംഘം സ്‌കൂളിന് കാവല്‍ നില്‍ക്കുന്നുണ്ട്. രാജ്യത്ത് തീവ്ര ഹിന്ദുത്വ വാദികള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തെലുങ്കാനയിലെ മദര്‍ തെരേസ സ്‌കൂളിന് നേരെ ഇന്നലെയുണ്ടായ ആക്രമണം. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.