ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട്‌ ലൻഡിന്റെ പ്രഥമ മന്ത്രി ഹംസ യൂസഫ് രാജി വച്ചു. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ. ഹംസ യൂസഫിന്റെ രാജിയോടെ കടുത്ത നേതൃത്വ പ്രതിസന്ധിയാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി നേരിടുന്നത്.

നിക്കോള സ്റ്റർജൻ രാജി വച്ചതിനെ തുടർന്നാണ് ഹംസ യൂസഫ് നേതൃത്വ പദവിയിലെത്തിയത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താൻ പ്രഥമ മന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് നേതൃത്വ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ എസ്എൻപിയുടെ ദേശീയ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

യൂസഫിന്റെ രാജി വാർത്തയ്ക്ക് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ നേതൃത്വ തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് പാർട്ടി സ്ഥിരീകരിച്ചു. എസ്എൻ പിയുടെ ഭരണഘടന അനുസരിച്ച് നേതൃസ്ഥാനത്തേയ്ക്ക് വരുന്ന ആൾക്ക് കുറഞ്ഞത് നൂറു പേരുടെയെങ്കിലും നാമനിർദ്ദേശങ്ങൾ ഉണ്ടായിരിക്കണം. ഇതോടൊപ്പം കുറഞ്ഞത് 20 ബ്രാഞ്ചുകളിൽ നിന്ന് എങ്കിലും പിന്തുണയും ലഭിക്കണം. ഇതിനു പുറമെ നാമനിർദ്ദേശം പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യണം