ന്യൂസ് ഡെസ്ക് മലയാളം യുകെ

വാൽസാൾ : 1.5 മില്യൺ പൗണ്ട് വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ വാൽസാലിൽ പിടികൂടി. ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് സൂചന ലഭിച്ചതിനെത്തുടർന്ന് ബറോയുടെ തെക്ക് ഭാഗത്തുള്ള സെൽഫ് സ്റ്റോറേജ് ഫെസിലിറ്റിയിൽ നടത്തിയ റെയ്ഡിലാണ് വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും ഉൾപ്പടെയുള്ള 7,500-ലധികം ഉത്പന്നങ്ങൾ പിടികൂടിയത്. അഞ്ച് ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാരും നാഷണൽ മാർക്കറ്റ് ഗ്രൂപ്പിലെ അഞ്ച് ഓഫീസർമാരും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസിലെ നാല് ഉദ്യോഗസ്ഥരും ഓപ്പറേഷനിൽ പങ്കെടുത്തു.

പിടിച്ചെടുത്ത വസ്ത്രങ്ങൾ വ്യാജമാണെന്നും ഇത് വിപണിയിൽ എത്തിയാൽ യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഞങ്ങളുടെ പ്രാദേശിക ബിസിനസുകളെ ബാധിക്കുമെന്നും വാൽസാൽ കൗൺസിലിലെ കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് എൻഫോഴ്‌സ്‌മെന്റ് തലവൻ ഡേവിഡ് എൽറിംഗ്ടൺ പറഞ്ഞു.

വാൽസാലിൽ ഇത് ആവർത്തിക്കരുതെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ നിരീക്ഷണം ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുകെയിലുടനീളമുള്ള കടകളിലേക്കും മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും എത്തുന്ന വ്യാജ ഉൽപ്പന്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ ഫ്ലാഷ് പ്രവർത്തിക്കുന്നത്.