ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ സാധാരണ ആരോഗ്യ മേഖലയ്ക്ക് പകരം തന്റെ അശ്രാന്ത പരിശ്രമം കൊണ്ട് മലയാളികളിൽ അധികമാരും കടന്നു ചെന്നിട്ടില്ലാത്ത പുതിയൊരു മേഖലയിൽ കൈയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് യുകെ മലയാളി ജിയാൻ ജോർജ് സിറിയക്. യുകെയിലെ പ്രായം കുറഞ്ഞ മലയാളി അസോസിയേറ്റ് ആംബുലൻസ് പ്രാക്ടീഷണർമാരിൽ (എഎപി) ഒരാൾ എന്ന നേട്ടമാണ് ജിയാൻ കൈവരിച്ചിരിക്കുന്നത്. വെസ്റ്റ് മിഡ്ലാൻഡ് ആംബുലൻസ് സർവീസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ സ്റ്റുഡൻറ് പാരാമെഡിക് (ബിഎസ്സി പാരാമെഡിക് സയൻസ് ബാൻഡ് 6) ആയാണ് ജിയാൻ ഇപ്പോൾ ജോലി ചെയ്യുന്നത്.

ആംബുലൻസ് സർവീസുകളിൽ പാരാമെഡിക്കലുകൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. അത്യാഹിത സാഹചര്യങ്ങളിൽ രോഗികളുടെ പക്കൽ ഇവരാണ് രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രാഥമിക ചികിത്സ നൽകുക. സിപിആർ, ഡിഫിബ്രില്ലേഷൻ, അഡ്വാൻസ്ഡ് എയർവെ മാനേജ്മെൻറ് തുടങ്ങിയവയ്ക്കുള്ള പരിശീലനങ്ങൾ പാരാമെഡിക്കുകൾക്ക് നൽകുന്നുണ്ട്. രോഗികൾക്ക് ആശുപത്രിയിൽ നിന്നുള്ള വൈദ്യസഹായം ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതും ഇവർ തന്നെ. രോഗികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുറമേ, ആശുപത്രിയിൽ എത്തിച്ചേർന്നാൽ മെഡിക്കൽ ടീമിന് രോഗികളുടെ അവസ്ഥയെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ഇവരാണ് കൈമാറുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മർച്ചന്റ് നേവിയിലെ സെക്കൻഡ് ഓഫീസർ എന്ന ജോലി ഉപേക്ഷിച്ചാണ് മനുഷ്യജീവൻ രക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന പാരാമെഡിക്കൽ മേഖലയിലേയ്ക്ക് ജിയാൻ കടന്നുവന്നത്. സിറിയക് അഗസ്റ്റിൻ നെല്ലിക്കുന്നേൽ ആനി സിറിയക് ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിയാൻ മൂത്ത ചേട്ടൻറെ പാത പിന്തുടർന്നാണ് മർച്ചന്റ് നേവിയിൽ തൻറെ ജോലി തിരഞ്ഞെടുത്തത്. ജിയാൻെറ മൂത്ത ജേഷ്ഠൻ ക്യാപ്റ്റൻ ജിതേഷ് സിറിയകും ഇളയ സഹോദരൻ ജെറി പീറ്റർ സിറിയകും മർച്ചൻ്റ് നേവിയിലാണ് ജോലി ചെയ്യുന്നത്.എന്നാൽ എന്നും ആതുര ശുശ്രൂഷയോടെ താത്പര്യമുള്ള ജിയാൻ 2 വർഷത്തിന് ശേഷം ഈ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡിമെൻഷ്യ ഹോമിൽ ജോലി ചെയ്യാൻ തുടങ്ങിയ ജിയാൻ പിന്നീട് ആംബുലൻസ് സർവീസിലേക്ക് മാറി. വൈകാതെ ആംബുലൻസ് സർവീസിലെ ഹൈ ഡിപെൻഡൻസി യൂണിറ്റിൽ (എച്ച് ഡി യു) പ്രവർത്തിക്കാൻ തുടങ്ങി. ലണ്ടനിൽ നിന്ന് ബെർമിംഗ്ഹാമിലേക്ക് മാറിയതിനു ശേഷം 4 ആഴ്ച കോഴ്സായ ബ്ലൂ ലൈറ്റ് ഡ്രൈവിംഗ് കോഴ്സ് (അഡ്വാൻസ്ഡ് ഡ്രൈവർ ട്രെയിനിങ് ) ചെയ്തു. ഈ കാലയളവിലാണ് വെസ്റ്റ് മിഡ്ലാൻഡ് ആംബുലൻസ് സർവീസിൽ നിന്ന് സ്റ്റുഡൻസ് പാരാമെഡിക്സിനെ പറ്റി ജിയാൻ അറിഞ്ഞത്. തുടർന്ന് അപേക്ഷിക്കുകയും ട്രസ്റ്റിൽ ജോലി ലഭിക്കുകയുമായിരുന്നു.


കേരളത്തിൽ പാലാ നെല്ലിക്കുന്നേൽ കുടുംബാംഗമാണ് ജിയാൻ ജോർജ് സിറിയക്. പത്താം ക്ലാസ് വരെ കേരളത്തിലായിരുന്നു ജിയാന്റെ പഠനം. തുടർന്ന് നേഴ്സ് ആയ അമ്മയോടൊപ്പം 2003 -ൽ യുകെയിലേക്ക് വരുകയായിരുന്നു. ഗുഡ് ഹോപ്പ് ഹോസ്പിറ്റലിലെ നേഴ്സ് ആണ് ജിയാന്റെ ഭാര്യ നീതു സിറിയക്. ജിയാൻ – നീതു ദമ്പതികൾക്ക് ജോനാഥൻ, എറിക്, ജേക്കബ് എന്നീ മൂന്ന് മക്കളാണുള്ളത്.
ഇന്നലെ മൂത്ത മകൻ ജോനാഥൻെറ ആദ്യകുർബാന സ്വീകരണമായിരുന്നെന്ന സന്തോഷവും ജിയാൻ മലയാളം യുകെയുമായി പങ്കുവച്ചു.