ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാഭ്യാസ വിസകളിൽ ഋഷി സുനക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെ സർവകലാശാലകളിൽ പഠിക്കാൻ ഡെപ്പോസിറ്റ് അടയ്ക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. മൈഗ്രേഷൻ സംബന്ധിച്ച് ഗവൺമെൻ്റിൻ്റെ സ്വതന്ത്ര ഉപദേഷ്ടാവിന് സമർപ്പിച്ച ഡേറ്റയിലാണ് കണക്കുകൾ പുറത്ത് വന്നത്. യൂണിവേഴ്സിറ്റി എൻറോൾമെൻ്റ് കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വെബ് പ്ലാറ്റ്ഫോമായ എൻറോളി, നിക്ഷേപത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 57% കുറവ് വന്നതായി അറിയിച്ചു.

ബിരുദം നേടിയ ശേഷം രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ യുകെയിൽ തുടരാനും ജോലി ചെയ്യാനും സർക്കാർ അനുവദിക്കണോ എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ ഇന്ന് കൂടുന്ന മൈഗ്രേഷൻ അഡ്വൈസിങ് കമ്മിറ്റി തീരുമാനിക്കും. മാർച്ചിൽ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി കമ്മീഷൻ ചെയ്ത “ഗ്രാജുവേറ്റ് വിസ റൂട്ട്” നടത്തിയ പഠനത്തിൽ ഗ്രാജുവേറ്റ് വിസകൾ പലപ്പോഴും ഇമിഗ്രേഷൻ പഴുതായാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന ആശങ്ക പങ്കു വച്ചിരുന്നു.

എൻറോളിയുടെ സിഇഒ, ജെഫ്രി വില്യംസ്, അന്താരാഷ്ട്ര വിദ്യാർത്ഥി നിക്ഷേപങ്ങളിൽ ഗണ്യമായ കുറവ് ചൂണ്ടിക്കാട്ടി. കൂടുതൽ നിയന്ത്രണ നയങ്ങൾ സർക്കാർ കൊണ്ടുവന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇനിയും ഇടിവുണ്ടാകുമെന്ന ആശങ്ക ആദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ വർഷം കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന വിസ ഗണ്യമായി പരിമിതപ്പെടുത്തിയുള്ള പ്രധാനമന്ത്രി റിഷി സുനകിൻെറ തീരുമാനം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ എണ്ണത്തെ ഗണ്യമായി ബാധിച്ചിരുന്നു.

ഉപരിപഠനത്തിനായി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയുടെ ഭാഗമായി യുകെയിൽ തുടർന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെർമനന്റ് വിസ ലഭിക്കുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം. ഇന്ന് നടക്കുന്ന മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസകളെ സംബന്ധിച്ചുള്ള തീരുമാനം എടുക്കും. പോസ്റ്റ് സ്റ്റഡി വർക്ക് വിസ റദ്ദാക്കിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിൽ പഠിക്കാൻ എത്തിയവർക്ക് വൻ തിരിച്ചടിയാവും.

നിലവിലെ കണക്കുകൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ 32 ശതമാനം പേർ മാത്രമാണ് വിസ ലഭിക്കാനുള്ള പരുധിക്ക് മുകളിൽ കഴിഞ്ഞ വർഷം ശമ്പളം നേടിയത്. 2023 മുതൽ 1.20 ലക്ഷം വിദ്യാർഥികളാണ് സ്റ്റുഡൻസ് വിസയിൽ യുകെയിൽ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിർദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെയും കെയർ വർക്കർമാരുടെയും ആശ്രിത വിസ നിർത്തലാക്കിയിരുന്നു.