ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വമെന്ന് ആരോപിച്ച് 36,000 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നീക്കം; ഹോം ഓഫീസിനെതിരെ അന്വേഷണം

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വമെന്ന് ആരോപിച്ച് 36,000 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നീക്കം; ഹോം ഓഫീസിനെതിരെ അന്വേഷണം
April 28 05:42 2019 Print This Article

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് 36,000 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നീക്കത്തില്‍ അന്വേഷണം. ഹോം ഓഫീസ് നടപടിക്കെതിരെ നാഷണല്‍ ഓഡിറ്റ് ഓഫീസാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷാ കൃത്രിമത്വം നടന്നുവെന്ന പേരില്‍ 2014ല്‍ ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ 1000 വിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കൃത്രിമത്വം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഹോം ഓഫീസ് അറിയിച്ചതെങ്കിലും വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ വെളിച്ചത്തില്‍ ഇതിനെതിരെ പൊതുജനങ്ങളും പാര്‍ലമെന്റും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം ഓഫീസ് തീരുമാനം റിവ്യൂവിന് വിധേയമാക്കുന്നതെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് വ്യക്തമാക്കിയത്.

പരീക്ഷയില്‍ കൃത്രിമത്വം കാട്ടിയെന്ന് ഹോം ഓഫീസ് ആരോപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍, എത്രപേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത് തുടങ്ങിയവയാണ് ഓഡിറ്റ് ഓഫീസ് പരിശോധിക്കുന്നത്. ബിബിസി പനോരമയുടെ രഹസ്യാന്വേഷണത്തിലാണ് പരീക്ഷാ കൃത്രിമത്വം പുറത്തു വന്നത്. ലാംഗ്വേജ് ടെസ്റ്റ് നടത്താന്‍ ചുമതലയുള്ള രണ്ട് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ആ സമയത്തെ സര്‍ക്കാര്‍ അംഗീകൃത ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍ (TOIEC) പരീക്ഷയില്‍ ഒരു എഴുത്തു പരീക്ഷയും വാചാ പരീക്ഷയും മറ്റൊരു മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയും ഉള്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ വെളിപ്പെട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു അന്നത്തെ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് അഭിപ്രായപ്പെട്ടത്.

ഇതേത്തുടര്‍ന്ന് പരീക്ഷ നടത്തിയിരുന്ന അമേരിക്കന്‍ കമ്പനിയായ എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസിനോട് 2001 മുതല്‍ 2014 വരെ നടത്തിയ 58,000 ടെസ്റ്റുകളില്‍ പരിശോധന നടത്താന്‍ ഹോം ഓഫീസ് ഉത്തരവിട്ടു. 30,000ലേറെ പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി പ്രോക്‌സി ടെസ്റ്റ് ടേക്കേഴ്‌സ് ഉപയോഗിക്കപ്പെട്ടുവെന്ന് ശബ്ദം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പരിശോധന വ്യക്തമാക്കി. ഇതില്‍ 25 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പല വിദ്യാര്‍ത്ഥികളും തെറ്റായി അകപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ലേബര്‍ എംപി സ്റ്റീഫന്‍ ടിംസ് പറഞ്ഞു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles