വിഷജലമൊഴുക്കിയതിനെ തുടർന്ന് പെരിയാറും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. പുഴകളിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് നശിച്ചു.

അഞ്ചുലക്ഷം രൂപ മുതൽ ഇരുപതു ലക്ഷം രൂപ വരെ മുതൽമുടക്കിയാണ് കർഷകർ മത്സ്യക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളിൽ ചത്തുപൊങ്ങിയത്. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകരെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.

മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ഇതോടൊപ്പം വിശദമായ അന്വേഷണം നടത്താൻ സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഉദ്യോഗസ്ഥതല സമിതിയെയും ചുമതലപ്പെടുത്തി. മത്സ്യസമ്പത്തിന്റെ നഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു.

പെരിയാറിൽ തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് വെള്ളത്തിന് നിറവ്യത്യാസം ആദ്യം കണ്ടത്. ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു. പുഴയിൽനിന്നുമുള്ള രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ സമീപവാസികൾ നോക്കിയപ്പോഴാണ് പുഴയുടെ അടിത്തട്ടിൽനിന്ന്‌ നൂറുകണക്കിനു മത്സ്യങ്ങൾ ശ്വാസം കിട്ടാതെ മേൽത്തട്ടിലേക്ക് പൊങ്ങിവരുന്നത് കണ്ടത്.

പരിസരവാസികളും മത്സ്യതൊഴിലാളികളും വലയുമായിട്ടെത്തി മത്സ്യം കോരിയെടുത്തെങ്കിലും വൈകാതെ അവയെല്ലാം ചത്തു. ഈ മത്സ്യങ്ങൾ വിൽക്കുന്നത് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു.

പ്രകോപിതരായ മത്സ്യകർഷകർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലും വരാപ്പുഴ പഞ്ചായത്ത് ഓഫീസിലും ചത്ത മത്സ്യവുമായിട്ടെത്തി പ്രതിഷേധിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണം. മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

വെള്ളത്തിൽ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവയുടെ സാന്നിധ്യം കൂടുന്നതോടെ പി.എച്ച്. മൂല്യത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ് മീനുകളുടെ നിലനില്പിന് ഭീഷണിയാണെന്ന് കുഫോസ് രജിസ്ട്രാറും ഡീനുമായ ഡോ. ദിനേശ് കൈപ്പിള്ളി ചൂണ്ടിക്കാട്ടി. വെള്ളത്തിന്റെ അമ്ലത്വം പെട്ടെന്ന് കുറയുന്നതോടെയാണ് പി.എച്ച്. മൂല്യം കുറയുന്നത്. ഇതോടെ ഓക്സിജൻ ലഭ്യത കുറയും.

ഇതോടൊപ്പം പെട്ടെന്നുള്ള മഴയിൽ അന്തരീക്ഷ താപനിലയ്ക്കൊപ്പം വെള്ളത്തിലെ താപനിലയിലും മൂന്നു ഡിഗ്രി വരെ കുറവുണ്ടാകും. പി.എച്ച്. മൂല്യത്തിലും താപനിലയിലും പെട്ടെന്നുണ്ടാകുന്ന വ്യതിയാനം മീനുകളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. ഈ മാറ്റം സാവധാനമാണെങ്കിൽ മീനുകളെ അത്ര ബാധിക്കില്ല. കൂട്ടത്തോടെ മത്സ്യം ചത്തുപൊങ്ങിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് പ്രത്യേക സംഘത്തെ നിയോഗിക്കും.