ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ എൻഎച്ച്എസിൻ്റെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് പ്രധാന വാഗ്ദാനമായി അവതരിപ്പിക്കുമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. എൻഎച്ച്എസ് കാത്തിരിപ്പ് സമയം പരമാവധി 18 ആഴ്ചയായി കുറയ്ക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുകയെന്നാവും ലേബറിൻറെ പ്രകടനപത്രികയിൽ ഉണ്ടാവുക. കോവിഡിന്റെ ആഘാതങ്ങളും സമരങ്ങളും മൂലം താറുമാറായ ആരോഗ്യ മേഖലയെ നേരെയാക്കാനുള്ള പദ്ധതികൾക്ക് ജനങ്ങളുടെ ഇടയിൽ വൻ പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

നിലവിൽ ക്യാൻസർ പോലെ ഗുരുതരമായ രോഗം ബാധിച്ചവർക്ക് പോലും വേദന സഹിച്ച് ആഴ്ചകളോളം കാത്തിരിക്കേണ്ട ദുരവസ്ഥയാണ് ഉള്ളത്. ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്ന വാഗ്ദാനത്തിന് ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും 43 ശതമാനം രോഗികൾക്കും ചികിത്സ ലഭിക്കുന്നതിന് 18 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. എൻഎച്ച്എസിനെ പുനരുദ്ധരിക്കാനുള്ള തങ്ങളുടെ പദ്ധതികളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ അവതരിപ്പിക്കും . 1997 -ൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ എടുത്ത നടപടികൾ അദ്ദേഹം ചൂണ്ടി കാണിക്കും എന്നാണ് കരുതപ്പെടുന്നത്.

സാധാരണ പ്രവർത്തി സമയം കഴിഞ്ഞും വാരാന്ത്യത്തിലും ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം സ്വകാര്യമേഖലയെയും ഫലപ്രദമായി ഉപയോഗിക്കും. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ആദ്യവർഷം 1.3 ബില്ല്യൺ പൗണ്ട് ചിലവാകും. എന്നാൽ ലേബർ പാർട്ടിക്ക് എൻഎച്ച്എസ് നവീകരിക്കാൻ വ്യക്തമായ പദ്ധതിയില്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ലേബർ പാർട്ടി ഭരണം നടത്തുന്ന വെയിൽസിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണെന്ന് അവർ ചൂണ്ടി കാട്ടി.