മണമ്പൂര്‍ സുരേഷ്

അഭ്രപാളികളിലൂടെ പാലസ്തീന്‍ സ്വന്തം കഥ പറയുകയാണ് ”വാജിബ്” എന്ന ചിത്രത്തില്‍. ഇസ്രായേലിന്റെ പിടിച്ചടക്കലും അതിനെതിരായുള്ള പാലസ്തീനിയന്‍ ജനതയുടെ പ്രതിരോധങ്ങളും മാധ്യമങ്ങളില്‍ തിളച്ചു മറിയുമ്പോള്‍ നിത്യ ജീവിതത്തിന്റെ പച്ച യാഥാര്‍ത്ഥ്യങ്ങളുമായി ഒരു സിനിമ, അതാണ് ”വാജിബ്”. ഇവിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ല, ഭരണകൂടം ഒരുക്കുന്ന അധിനിവേശാക്രമണം നേരിട്ട് നാം കാണുന്നില്ല, ഒരു വെടി പോലും പൊട്ടുന്നില്ല. ഒരു കുടുംബത്തിലെ അച്ഛനിലും മകനിലും കേന്ദ്രീകരിച്ചു ചിത്രം തുടങ്ങുകയും, വികസിക്കുകയും, പരിസമാപ്തിയില്‍ എത്തുകയും ചെയ്യുന്നു.

സഹോദരിയുടെ വിവാഹത്തിന് വിദേശത്ത് കഴിയുന്ന മകന്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റലിയില്‍ നിന്നും വരുന്നു. പാലസ്തീനിലെ നസ്രെത്തില്‍ ‘ എത്തുന്ന മകന്‍ അച്ഛനോടൊപ്പം മകളുടെ വിവാഹ ക്ഷണക്കുറി കൊടുക്കാന്‍ പോകുകയാണ്. ഇതാണ് ചിത്രത്തിന്റെ പശ്ചാത്തല ഭൂമിക. ഈ സിനിമ ഇവിടെ തുടങ്ങുകയും വിവാഹ ക്ഷണത്തിന്റെ ഊഷ്മള പശ്ചാത്തലത്തില്‍ അനാവരണമാവുകയുമാണ്.

ഇരുപത് വര്‍ഷം മുന്‍പ് മറ്റൊരാളോടൊപ്പം വീടുപേക്ഷിച്ച് പോയ അമ്മ, അവര്‍ വിവാഹത്തിന് എത്തുമോ എന്ന കുടുംബത്തിന്റെ ഉത്കണ്ഠ, വിദേശത്ത് പോയി കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു തിരിച്ചെത്തിയ മകനുമായി രാഷ്ട്രീയമായും വ്യക്തിപരമായും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന അച്ഛന്‍. അധിനിവേശത്തിനു കീഴില്‍ ഒരു ജീവിതം സ്വരുക്കൂട്ടിയെടുക്കാന്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നു എന്നയാള്‍ പറയാന്‍ ശ്രമിക്കുന്നു. അമ്മ വിവാഹത്തിനു വരില്ലെന്നറിയുമ്പോള്‍ നടുങ്ങിപ്പോവുകയും ഇനി എന്തു ചെയ്യും എന്നു ചോദിക്കുകയും ചെയ്യുന്ന മകള്‍.

സാധാരണ സംഭവിക്കുന്ന എല്ലാ സ്വാഭാവിക അനിശ്ചിതത്വത്തിലൂടെയും കടന്നു പോകുന്ന വിവാഹ തയാറെടുപ്പുകള്‍. ഇതിലൂടെ ഒരു ജനതയുടെ കഥ ഹൃദ്യമായി, സരളമായി അനാവൃതമാവുകയാണ്. യഥാര്‍ഥ ജീവിതത്തിലും അച്ഛനും മകനുമായ നടന്മാരാണിവിടെ ആദ്യമായി ഒരേ ചിത്രത്തില്‍ അഭിനയിക്കുന്നത്, അനായാസം മകനായി മുഹമ്മദും, അച്ഛനായി സാലെ ബാക്രിയും.

കാറില്‍ കേള്‍ക്കുന്ന വാര്‍ത്താ ശകലങ്ങളിലൂടെ അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലൂടെ, ഒന്ന് രണ്ടു തവണ അതിശക്തമായ തര്‍ക്കങ്ങളിലൂടെയും ഇസ്രായേലി അധിനിവേശത്തിന്റെ യാധാര്‍ത്ഥ്യം വളരെ പരോക്ഷമായി മുഖം കാണിക്കുന്നു. അപ്പോഴും ഒരു ഫീച്ചര്‍ ഫിലിമിന്റെ ലാവണ്യം കാത്തു സൂക്ഷിക്കുന്നുണ്ട് ”വാജിബ്” എന്ന ഈ പാലസ്തീനിയന്‍ ചിത്രം.

അഭ്രപാളികളില്‍ നിറയുന്ന പാലസ്തീനിയന്‍ ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ ഇടപെടല്‍, അവരുടെ ”ലിവിംഗ് ടുഗെതര്‍” എന്ന യാഥാര്‍ത്ഥ്യം, സ്ത്രീകളുടെ വേഷവിധാനത്തിലെ സ്വാതന്ത്ര്യചിന്ത, ഹിജാബോ ബുര്‍ഖയോ ഇടുന്ന ആളുകളെ ചിത്രത്തില്‍ കാണുന്നില്ല, സ്വവര്‍ഗാനുരാഗം എന്ന യാഥാര്‍ത്ഥ്യം എന്നാല്‍ അതിനെ ഭയക്കുന്ന മുതിര്‍ന്നവര്‍, പല മതസ്ഥര്‍ സ്വതന്ത്രമായി സ്നേഹത്തോടെ ഇവിടെ ജീവിക്കുന്നു.

പക്ഷെ അപ്പോഴും സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് അധിനിവേശത്തിന്റെ ബൂട്ടു പതിക്കുന്നതു തിരശീലയുടെ തൊട്ടു വെളിയില്‍ കാണാനാവും. അങ്ങനെ പാലസ്തീന്‍ അവരുടെ സ്വന്തം കഥ പറയുന്നു, വളരെയേറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്. സംവിധായിക ആന്‍മേരി ജാസിര്‍ നല്ലൊരു ചലച്ചിത്രാനുഭവമാണ് ”വാജിബ്” എന്ന ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉരുത്തിരിയുന്ന ഒരു നല്ല സിനിമ.