ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ മേധാവിയായിരുന്ന പാറ്റ് കുള്ളൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് ഫെർമനാഗ്, സൗത്ത് ടൈറോൺ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥിയായാണ് പാറ്റ് കുള്ളൻ മത്സരിക്കാൻ ഒരുങ്ങുന്നത്.


തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിൻ്റെ നേതൃസ്ഥാനത്തുനിന്നും അവർ പടിയിറങ്ങി . 2021 മുതൽ പാറ്റ് കുള്ളൻ റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിൻ്റെ (ആർസിഎൻ) ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവും ആയിരുന്നു. ന്യായമായ ശമ്പളത്തിന് വേണ്ടി നേഴ്സുമാരെ അണിനിരത്തി രാജ്യവ്യാപകമായി സമരം നടത്തിയതിന്റെ മുൻപിൽ നിന്നത് പാറ്റ് കുള്ളൻ ആയിരുന്നു.

രാജ്യത്തെ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന നേഴ്സുമാരെ പ്രതിനിധീകരിച്ചാണ് താൻ മത്സരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. വടക്കൻ അയർലൻഡിലെ കൗണ്ടി ടൈറോണിൽ നിന്നുള്ള മിസ് കുള്ളൻ 1985-ൽ ആണ് രജിസ്റ്റർ ചെയ്ത നേഴ്‌സായി യോഗ്യത നേടിയത് . പബ്ലിക് ഹെൽത്ത് ഏജൻസിയിലെ നേഴ്‌സിംഗ് ഡയറക്‌ടർ ഉൾപ്പെടെ വിവിധ മേഖലകളിൽ അവർ സേവനം അനുഷ്‌ടിച്ചിട്ടുണ്ട് . 2016-ൽ അവർ ആർസിഎന്നിൽ ചേർന്നത് . 2021-ൽ ജനറൽ സെക്രട്ടറിയായും ചീഫ് എക്‌സിക്യൂട്ടീവായും നിയമിക്കപ്പെടുന്നതിന് മുമ്പ് 2019-ൽ ആർസിഎന്നിന്റെ നോർത്തേൺ അയർലൻഡ് ഡയറക്ടർ ആയിരുന്നു . പാറ്റ് കുള്ളൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അവരുടെ പേരും മറ്റു വിവരങ്ങളും ആർസിഎൻ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാറ്റിയിരുന്നു.