ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ ബാധിച്ച് ഒരു മലയാളി കൂടി യുകെ മലയാളി സമൂഹത്തിൽ നിന്ന് വിടവാങ്ങി. കേംബ്രിജിലെ കാംബോണിൽ താമസിച്ചിരുന്ന നിഷ എബ്രഹാം ആണ് നിര്യാതയായത്. പതിനഞ്ച് വർഷം മുമ്പ് യുകെയിൽ എത്തിയ നിഷയ്ക്ക് 44 വയസ്സ് മാത്രമായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പാണ് നിഷയ്ക്ക് ക്യാൻസർ തിരിച്ചറിഞ്ഞത്. എന്നാൽ ചികിത്സയിലൂടെ നിഷയുടെ രോഗം ഭേദപ്പെട്ട് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നു. ക്യാൻസർ വീണ്ടും ആരംഭിച്ചതിന്റെ ലക്ഷണങ്ങൾ 6 മാസം മുൻപ് കണ്ടെത്തുകയും ചികിത്സയിൽ തുടരവേ ആണ് നിഷ മരണത്തിന് കീഴടങ്ങിയത് .
ഫിലിപ്പ് എബ്രഹാമാണ് നിഷയുടെ ഭർത്താവ്. കാലിഫോർണിയയിലുള്ള നിഷയുടെ സഹോദരിയും കുടുംബവും രോഗവിവരമറിഞ്ഞ് യുകെയിൽ എത്തിച്ചേർന്നിരുന്നു. ദുബായിലുള്ള സഹോദരനും കുടുംബവും നേരത്തെ തന്നെ കേംബ്രിജിലേയ്ക്ക് ജോലിയും താമസവവും മാറ്റിയിരുന്നു. രോഗം കൂടിയതിനെ തുടർന്ന് അന്ത്യ കൂദാശ നൽകാൻ ഇടവക വികാരി റവ. തോമസ് ജോർജ് എത്തിയ സമയത്ത് നിഷയുടെ ആഗ്രഹസാഫല്യത്തിനായി മകളുടെ ആദ്യകുർബാന സ്വീകരണവും ആശുപത്രിയിൽ വച്ച് നടത്തിയിരുന്നു. ഉറ്റവരുടെയും ഉടയവരുടെയും സാമീപ്യത്തിൽ മനസ്സിലെ വലിയ ആഗ്രഹവും പൂർത്തിയാക്കിയാണ് നിഷ എബ്രഹാം വിട പറഞ്ഞത്.
പീറ്റർബറോ ഓള് സെയ്ന്റസ് മാർത്തോമാ ഇടവകയിലെ അംഗങ്ങളാണ് നിഷയും കുടുംബവും. ബന്ധുക്കൾ എല്ലാം യുകെയിൽ ആയതുകൊണ്ട് മൃത സംസ്കാരം ഇവിടെ വെച്ച് തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
നിഷ എബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply