ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിനു ഭവന നിർമ്മാണത്തിനും കാലാവസ്ഥ പ്രതിസന്ധി നേരിടുന്നതിനും പണം കണ്ടെത്താൻ സമ്പന്ന വിഭാഗത്തിൽ പെട്ടവർക്ക് നികുതി വർദ്ധിപ്പിക്കുമെന്ന് ഗ്രീൻ പാർട്ടി പ്രകടനപത്രികയിൽ വ്യക്തമാക്കി. പുതിയ വെൽത്ത് ടാക്‌സ് ഏർപ്പെടുത്തുന്നതും 50,270 പൗണ്ടിനു മുകളിൽ വാർഷിക വേതനത്തിൽ നാഷണൽ ഇൻഷുറൻസ് (NI) ഉയർത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. നികുതി വർദ്ധനവിന്റെ കാര്യത്തിൽ സത്യസന്ധമായ നിലപാട് എടുക്കുന്ന ഒരേയൊരു പാർട്ടി തങ്ങളുടെതാണെന്ന് ഗ്രീൻ പാർട്ടി നേതാവ് അഡ്രിയാൻ റാംസെ പറഞ്ഞു,
അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി സംസാരിക്കാൻ പാർലമെൻറിൽ പാർട്ടിയുടെ പ്രതിനിധികൾ ഉണ്ടാകണമെന്നും റാംസെ പറഞ്ഞു. 2030 ഓടെ സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി പ്രതിവർഷം 50 ബില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പാർട്ടിയുടെ പ്രകടന പത്രികയിൽ ഉള്ളത്. തങ്ങൾ വിജയിക്കുമെന്ന് കരുതുന്ന 4 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.10 മില്യണിലധികം മൂല്യമുള്ള ആസ്തികൾക്ക് 1ശതമാനവും 1 ബില്യൺ പൗണ്ടിൽ കൂടുതൽ മൂല്യമുള്ള ആസ്തികൾക്ക് 2ശതമാനവും പുതിയ വെൽത്ത് ടാക്‌സ് ഏർപ്പെടുത്തുമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ പ്രകടന പത്രികയിൽ ഉള്ളത് .
മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.
Leave a Reply