ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആറ് വർഷം കഴിയുമ്പോൾ യുകെയിലെ മുൻനിര വാഹന നിർമ്മാതാക്കൾ പെട്രോളോ ഡീസലോ ഉപയോഗിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുന്നത് നിർത്തലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2030 ഓടെ പൂർണ്ണമായും ഇലക്ട്രിക് വാഹന നിർമ്മാണത്തിലേയ്ക്ക് മാറുമെന്നാണ് പ്രധാന കാർ ബ്രാൻഡുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ നിരത്തിൽ നിന്ന് പൂർണ്ണമായും സമീപഭാവിയിൽ ഒഴിവാകുന്നതിന് ഈ തീരുമാനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിലയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില പരമാവധി കുറയുന്നതിനുള്ള ഗവേഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുന്നുണ്ട്. തുടക്കകാലത്ത് ചാർജിങ് പോയന്റുകൾ വ്യാപകമല്ലാതിരുന്നത് ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു . എന്നാൽ രാജ്യമൊട്ടാകെ ഈ പരിമിതിയെ മറികടക്കാൻ നിലവിൽ ആയിട്ടുണ്ട് .
ഇലക്ട്രിക് കാറുകൾക്ക് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ഇല്ല, അതായത് പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവ ഓടുമ്പോൾ മലിനീകരണം ഉണ്ടാക്കുന്ന പുക പുറപ്പെടുവിക്കുന്നില്ല. 2030 ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള തീരുമാനം 2035 ലേയ്ക്ക് മാറ്റിയതായി പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും തങ്ങൾ അധികാരത്തിലെത്തിയാൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വിൽപന മുൻധാരണ പ്രകാരം 2030 കളിൽ നിരോധിക്കും എന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ അഭിപ്രായ സർവേകൾ നൽകുന്ന സൂചന അനുസരിച്ച് ലേബർ പാർട്ടി അധികാരത്തിൽ വരാൻ സാധ്യതയാണ് ഉള്ളത്. 2030 ഓടെ സാധാരണ വാഹന നിർമ്മാണം നിർത്താനുള്ള കമ്പനികളുടെ തീരുമാനത്തിന് പിന്നിൽ ഈ സാഹചര്യം ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Leave a Reply