ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും ലൂയി രാജകുമാരനും ഈ ക്രിസ്‌തുമസ്‌ കാലത്തിൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ക്രിസ്‌തുമസ്‌ കാർഡുകൾ പോസ്റ്റ് ചെയ്തു. ഈ വർഷത്തെ കാതറിൻ രാജകുമാരിയുടെ ക്രിസ്‌തുമസ്‌ കരോൾ കോൺസെർട്ടിൻെറ തീം “കുട്ടികളും കുടുംബങ്ങളും” ആണ്. ഇതിന് പിന്നാലെയാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പോസ്റ്റ് ബോക്സിൽ രാജകുമാരന്മാരും രാജകുമാരിയും കാർഡുകൾ ഇടുന്ന ഫോട്ടോകൾ പുറത്ത് വന്നിരിക്കുന്നത്. ഈ കാർഡുകൾ കുട്ടികളുടെ ചാരിറ്റികൾക്ക് വിതരണം ചെയ്യുമെന്നാണ് പുറത്ത് വിവരങ്ങൾ പറയുന്നത്.

ഈ വർഷം ജനുവരിയിലാണ് വെയിൽസിലെ രാജകുമാരി ഷേപ്പിംഗ് അസ് എന്ന ക്യാമ്പയിൻ ആരംഭിച്ചത്. ഒരു കുട്ടിയുടെ ജീവിതത്തിന്റെ രൂപീകരണ വർഷങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും പ്രോത്സാഹിപ്പിക്കാനും ആയിരുന്നു ഈ ക്യാമ്പയിൻ. വെള്ളിയാഴ്ച നടന്ന കോൺസെർട്ടിൽ പങ്കെടുത്ത 1,500 പേരിൽ മിഡ്‌വൈഫുകളും നേഴ്‌സറി അധ്യാപകരും കുട്ടികളും കുടുംബങ്ങളും ഈ ശൈത്യകാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചവരും ഉൾപ്പെടുന്നു.

കോൺസെർട്ടിൽ നടന്ന മ്യൂസിക്കൽ ട്രീറ്റുകളിൽ വെസ്റ്റ്മിൻസ്റ്റർ ആബി ഗായകസംഘത്തിൽ നിന്നുള്ള കരോളുകളും ബെവർലി നൈറ്റ്, ആദം ലാംബെർട്ട് എന്നിവരുടെ പ്രത്യേക ഡ്യുയറ്റും ഉണ്ടായിരുന്നു. ദി പ്രിൻസ് ഓഫ് വെയിൽസ്, മൈക്കൽ വാർഡ്, എമ്മ വില്ലിസ്, റോമൻ കെംപ്, ജിം ബ്രോഡ്‌ബെന്റ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ക്രിസ്മസ് രാവിൽ രാത്രി 7.45ന് ഐടിവി1, ഐടിവിഎക്‌സ് എന്നിവയിൽ കോൺസെർട്ട് സംപ്രേക്ഷണം ചെയ്യും.