റ്റിജി തോമസ്
മാഡം തുസാഡ്സിൽ നിന്ന് അധിക ദൂരമില്ല ലണ്ടൻ ഐയിലേക്ക്. ഏകദേശം ആറ് കിലോമീറ്റർ മാത്രം ദൂരം. ലണ്ടൻ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവം പ്രധാനം ചെയ്യുന്നതാണ് ലണ്ടൻ ഐ. ലണ്ടൻ്റെ ഏത് പ്രതീകാത്മ ചിത്രങ്ങലെടുത്താലും കാണാൻ സാധിക്കുന്ന ലണ്ടൻ ഐ സന്ദർശിക്കുക എന്നത് യുകെയിലേക്ക് യാത്ര തിരിച്ചപ്പോൾ തന്നെ മനസ്സിൽ കുറിച്ച ആഗ്രഹമായിരുന്നു.
തേംസ് നദിയുടെ തെക്കുഭാഗത്തായാണ് ലണ്ടൻ ഐ. നിർമ്മാണം പൂർത്തിയായ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഫെറിസ് വീലായി ലണ്ടൻ ഐ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. നിലവിൽ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ് വീലാണ് ലണ്ടൻ ഐ.
ഞാനും ജോജിയും വിജോയിയും ജോയലും ലിറോഷും അടങ്ങുന്ന സംഘം ഒരു ക്യാബിനിൽ ഇടംപിടിച്ചു . ഗ്ലാസ്സ് പാളികകൾ കൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത് കൊണ്ടു ചുറ്റുമുള്ള കാഴ്ചകൾ തടസമില്ലാതെ ആസ്വദിക്കാം. താഴേക്ക് നോക്കുമ്പോൾ തേംസ് നദിയിൽ ചെറുവള്ളങ്ങളും ബോട്ടുകളും സ്പീഡ് ബോട്ടുകളും കാണാം. നമ്മൾ മുകളിലോട്ട് പോകുന്തോറും നദിക്കരയിലെ ആളുകളും വസ്തുക്കളും ചെറുതായി കൊണ്ടിരിക്കുന്നു. ഏറ്റവും മുകളിലെത്തുമ്പോൾ 135 മീറ്ററാണ് ലണ്ടൻ ഐയുടെ ഉയരം.
ഏറ്റവും മുകളിൽ വച്ച് ഞാൻ വാട്സ്ആപ്പ് വീഡിയോ കോളിൽ ഭാര്യ സിനിയെയും മക്കളായ അഞ്‌ജുവിനെയും അനുവിനെയും വിളിച്ചു. ലണ്ടൻ്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ലണ്ടൻ ഐ പ്രധാനം ചെയ്യുന്നത് . നാലു ചുറ്റിലുമുള്ള കാഴ്ചകളുടെ വസന്തം പ്രദാനം ചെയ്യുന്ന രീതിയിലാണ് ഓരോ ക്യാബിനും ഡിസൈൻ ചെയ്തിരിക്കുന്നത്.
ലണ്ടൻ ഐയിലെ റൈഡ് ഏകദേശം 30 മിനിറ്റ് സമയമാണ് ദൈർഘ്യം. ലണ്ടൻ ഐയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അമ്യൂസ്മെൻറ് പാർക്കിലെ റൈഡുകളെ പോലെ ആകുമോ എന്ന ചിന്ത എനിക്കുമുണ്ടായിരുന്നു. എന്നാൽ അയാസ രഹിതമായി ലണ്ടനിലെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് നമ്മൾക്ക് സമയം ചിലവിടാം. . യാത്ര വളരെ സാവധാനമാണ്. അമ്യൂസ്മെൻറ് പാർക്കുകളിലെ പോലെ ചങ്കിടിപ്പും അസ്വസ്ഥതകളും ഉണ്ടാക്കില്ല.
ലണ്ടൻ ടവറും ബ്രിഡ്ജും ബക്കിംഗ്ഹാം കൊട്ടാരവും പാർലമെൻറ് മന്ദിരമൊക്കെ ലണ്ടൻ ഐയിലെ സഞ്ചാര ഭ്രമണത്തിൽ കാണാം. ലണ്ടനിലെ പ്രശസ്തമായ സെന്റ് തോമസ് ഹോസ്പിറ്റലിനെ ചൂണ്ടി കാണിച്ചു ജോജി പറഞ്ഞു ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് ബാധിച്ചപ്പോൾ പ്രവേശിക്കപ്പെട്ടത് സെന്റ് തോമസ് ഹോസ്പിറ്റലിൽ ആയിരുന്നു .
ലണ്ടനിലെ പൗരാണികതയുടെ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്ന തിരക്കിലാണ് മിക്ക സന്ദർശകരും. തടസ്സമില്ലാതെ ആണ് അവിടെ ദൃശ്യങ്ങൾ കാണുകയും പകർത്തുകയും ചെയ്യാം . സഞ്ചാരം വളരെ സാവധാനമായതുകൊണ്ടുതന്നെ തന്നെ ഫോട്ടോ എടുക്കുന്നവർക്ക് ഒട്ടേറെ അവിസ്മരണീയ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ സാധിക്കും.
സൂര്യൻ അസ്തമിച്ചതിനു ശേഷം ലണ്ടൻ ഐയിലുള്ള യാത്ര അതിമനോഹരമായിരിക്കും എന്ന് പറഞ്ഞത് വിജോയി ആണ് . മിന്നുന്ന പതിനായിരക്കണക്കിന് ലൈറ്റുകളുടെ പ്രഭയിൽ ലണ്ടൻ നഗരം 135 മീറ്റർ ഉയരത്തിൽ നിന്ന് ആസ്വദിക്കാനുള്ള അപൂർവ്വ അവസരമാണ് .
ആധുനിക ലണ്ടൻ്റെ പ്രതീകമായാണ് ലണ്ടൻ ഐ വിശേഷിപ്പിക്കപ്പെടുന്നത്. 1998 -ൽ ആരംഭിച്ച ഇതിൻറെ നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷം സമയമെടുത്തു. രണ്ടായിരമാണ്ടിൽ മാർച്ച് 9-ാം തീയതിയാണ് ലണ്ടൻ ഐയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. പുതിയ നൂറ്റാണ്ടിൻറെ ലണ്ടനെ അടയാളപ്പെടുത്താനുള്ള ഒരു പദ്ധതിയുടെ ഭാഗമായി ഭാര്യ ഭർത്താക്കന്മാരായ ഡേവിഡ് മാർക്കിനും ജൂലിയ ഫീൽഡും ആണ് ഈ ആശയം വിഭാവനം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിനും പിന്നിൽ പ്രവർത്തിച്ചത്. ഓരോ വർഷവും ഏകദേശം 3 . 5 മില്യൺ ആളുകൾ ലണ്ടൻ ഐ സന്ദർശിക്കുന്നതായാണ് കണക്കുകൾ.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
Leave a Reply