ന്യൂസ് ഡെസ്ക്, മലയാളം യുകെ

മയക്കുമരുന്നിന്റെ ഉത്പാദനവും വിപണനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതായുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുടെ നടപടിമൂലം തൃശങ്കുവിലായ ഒരു വീട്ടുടമസ്ഥന്റെ ദയനീയാവസ്ഥ വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. നോർത്ത് ലണ്ടനിലെ വീട്ടു ഉടമസ്ഥനായ റീവ്സ് ദീർഘകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നതിന്റെ ഭാഗമായാണ് തൻറെ വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. അതോടെ അദ്ദേഹത്തിൻറെ കഷ്ടകാലവും ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റീവ്സിന്റെ വീട് വാടകയ്ക്ക് എടുത്തത് കഞ്ചാവ് മാഫിയയുടെ ആൾക്കാരായിരുന്നു. കുറ്റവാളികളായ അവർ അദ്ദേഹത്തിൻറെ വസ്തുവിൽ വൻ നാശനഷ്ടങ്ങൾ ആണ് വരുത്തിയത്. കഞ്ചാവ് വളർത്തുന്നതിനും അത് ഉപയോഗിച്ച് മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും തൻറെ വസ്തു അവർ ഉപയോഗിച്ചു എന്ന് മാത്രമല്ല അതിനുവേണ്ടി വീടിനു തന്നെ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. തന്റെ ബെഡ്റൂമിൽ പ്രവേശിച്ച റീവ്സിൻ്റെ കണ്ണു തള്ളി പോയി. പത്ത് ടണ്ണിലധികം മണ്ണാണ് കഞ്ചാവ് കൃഷിക്കാർ അദ്ദേഹത്തിൻറെ ബെഡ്റൂമിൽ നിക്ഷേപിച്ചിരുന്നത്. വീടിനുള്ളിൽ കഞ്ചാവ് വളർത്തുന്നതിന് വേണ്ടിയായിരുന്നു ഈ പ്രവർത്തി. ഇത് കൂടാതെ വീടിൻറെ വെന്റിലേഷനിലും ഒട്ടേറെ മാറ്റങ്ങൾ കുറ്റവാളികൾ വരുത്തിയിരുന്നു.


ഏറെക്കാലത്തേയ്ക്ക് ദൂരദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങളിൽ പോകുന്നവർ വാടകയ്ക്ക് വസ്തുക്കൾ കൊടുക്കുന്ന സമയത്ത് കഞ്ചാവ് ഫാമുകളുമായി ബന്ധമുള്ള കുറ്റവാളികൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സംഭവം പുറത്തായതിനെ തുടർന്ന് ലക്ഷ കണക്കിന് പൗണ്ട് വിലമതിക്കുന്ന 400 കഞ്ചാവ് ചെടികളാണ് റീവ്സിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ റീവ്സിന്റെ കുടുംബം വീട് വാടകയ്ക്ക് നൽകാനായി ഓൺലൈനിൽ പരസ്യം ചെയ്തിരുന്നു. ദീർഘകാലത്തേയ്ക്ക് റീവ്സിൻ്റെ കുടുംബം സ്ഥലത്തില്ലെന്ന് മനസ്സിലാക്കി ഒരു ഏജൻറ് സമീപിക്കുകയായിരുന്നു. ലണ്ടനിൽ ജോലിയുള്ള ഒരു കുടുംബത്തിന് വാടകയ്ക്ക് നൽകാനാണ് വീട് എന്നാണ് ഏജൻറ് റീവ്സിനെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് വാടകയ്ക്ക് എടുത്തവർ ഒരിക്കലും വാടക നൽകാത്ത തട്ടിപ്പുകാരായി മാറി. പകരം അവർ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വീട് ഉപയോഗിക്കുകയായിരുന്നു. ഏജൻ്റും വാടകക്കാരും എല്ലാം നൽകിയ വിലാസം വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.