ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നൈജീരിയൻ സ്ത്രീകളെ സെക്സ് ട്രാഫിക്കിങ്ങിനായി ഉപയോഗിച്ച കുറ്റത്തിന് 18 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ലണ്ടൻ നേഴ്സിനു 184,000 പൗണ്ട് തുക കൂടി അടയ്ക്കാൻ വിധിയായിരിക്കുകയാണ്. ജോസെഫൈൻ ഇയാമു എന്ന നേഴ്സാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. താൻ സ്വയം സമ്പന്ന ആണെന്ന് വിശ്വസിപ്പിക്കുകയും, ഇതിൻ പ്രകാരം നൈജീരിയയിൽ നിന്നും സ്ത്രീകളെ യൂറോപ്പിലേക്ക് കടത്തിക്കൊണ്ട് വരികയും , യൂറോപ്പിൽ പുതിയ ജീവിതം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ഇവർ ചെയ്തതായി കണ്ടെത്തിയിരുന്നു.

പണമുണ്ടാക്കാനുള്ള മാർഗമായി ആണ് ഇവർ ഇത്തരത്തിലുള്ള സ്ത്രീകളെ കണ്ടത്. അതിനോടൊപ്പം തന്നെ നൈജീരിയയിൽ നിന്ന് കൊണ്ടുവന്ന സ്ത്രീകളെ ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. 38,000 പൗണ്ട് ഓരോ സ്ത്രീയിൽ നിന്നും ഈടാക്കിയതായും, എന്നാൽ അതിനനുസരിച്ചുള്ള യാതൊരു പരിഗണനകളും ഇവർ നൽകിയിരുന്നില്ല എന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

ഇതോടൊപ്പംതന്നെ ചില മാന്ത്രിക പ്രവർത്തനങ്ങളിലൂടെ കൊണ്ടുവന്ന സ്ത്രീകളെ താനുമായി ബന്ധപ്പെടുത്തുകയും, ജോസഫൈന്റെ വാക്കുകൾ അനുസരിച്ചില്ലെങ്കിൽ ഇവരുടെ കുടുംബാംഗങ്ങൾക്ക് ദോഷം ഉണ്ടാകുമെന്ന ധാരണ ഇവരിൽ പരത്തുകയും ചെയ്തു. മാർച്ച് 4 വെള്ളിയാഴ്ചയാണ് ബെർമിങ്ഹാം കോടതി ജോസഫൈനോട് 184000 പൗണ്ട് തുക കൂടി അധികമായി അടയ്ക്കുവാൻ ഉത്തരവിട്ടത്. ഇത് അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് കൂടി അനുഭവിക്കേണ്ടതായി വരും. മോഡേൺ സ്ലെവെറി ആക്ട് പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ് ജോസഫൈൻ.