ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെൻട്രൽ പാരീസിൽ വാർഷിക സ്ട്രീറ്റ് മ്യൂസിക് ഫെസ്റ്റിവലിനിടെ ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട യുവതി കരഞ്ഞുകൊണ്ട് തെരുവിലൂടെ നടക്കുന്നതിന്റെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലൈംഗികമായി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ അവളെ ആക്രമികൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.


യുവതി ഒളിമ്പിയ ഹാളിൽ ഒരു സംഗീത കച്ചേരിയിൽ പങ്കെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് . ആക്രമിക്കപ്പെട്ട സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. നിയമപരമായ കാരണങ്ങളാൽ യുവതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഇവരെ വൈദ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്നെ നിരവധി പുരുഷന്മാർ ആക്രമിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയും ഫോൺ മോഷ്ടിക്കുകയും ചെയ്തതായി അവർ പോലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. യുവതി ആക്രമണത്തിനിരയായി നിരാലംബയായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ആരാണ് പകർത്തിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തിന്റെ വീഡിയോ വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ കുറ്റവാളികളെ കണ്ടെത്താൻ പോലീസിനായിട്ടില്ല.