എഡിൻബറോ : യുകെ മലയാളികളെ കണ്ണീരിലാക്കിയ ഒരു മരണമായിരുന്നു സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മാര്‍ട്ടിന്‍ അച്ചന്റെത്. ദുരൂഹതകള്‍ ബാക്കിവച്ചുകൊണ്ട് മരണകാരണം എന്തെന്ന് വെളിപ്പെടുത്താതെ മാർട്ടിൻ അച്ചന്‍ നാളെ യുകെയില്‍ നിന്ന് നാട്ടിലേക്ക് യാത്രയാവുകയാണ്. ഫാ: മാർട്ടിൻ വാഴച്ചിറക്ക് എഡിൻബറോയിലെ മലയാളി സമൂഹം ഇന്നലെ കണ്ണുനീരോടെ വിട നൽകി.

ഇക്കഴിഞ്ഞ ജൂൺ  ഇരുപതിന്‌ സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ നിര്യാതനായ ഫാ. മാർട്ടിൻ  വാഴച്ചിറക്ക് എഡിന്ബറോയിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മാർട്ടിൻ അച്ചൻ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന്‍ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിലും, പൊതുദര്‍ശന ചടങ്ങിലും സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു.

ഫാ റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയില്‍ സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ഇരുപതോളം വൈദീകർ സഹകാര്‍മ്മികരായിരുന്നു. അച്ചൻ സേവനം അനുഷ്ഠിച്ചിരുന്ന ക്രിസ്റ്റഫിൻ ഇടവകയിൽ നിന്നുള്ള നിരവധി ആളുകളാണ് വേദനയോടെ മൃതദേഹം ഒന്ന് കാണുവാനായി എത്തിച്ചേർന്നത്.

വിശുദ്ധ കുര്‍ബാനയും ഒപ്പീസും മറ്റു ശുശ്രൂഷകൾക്കും ശേഷം മൃതദ്ദേഹം ഫ്യുണറൽ ഡയറക്ടേഷസിന് കൈമാറി. ബുധനാഴ്ച എഡിന്ബറോയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ മൃതദ്ദേഹം നാട്ടിലേക്ക് അയക്കും. ഫാ. റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യും മൃതദ്ദേഹത്തെ അനുഗമിക്കുന്നതായിരിക്കും.

വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മൃതദ്ദേഹം തുടർന്ന് കാക്കനാട് CMI സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നിൽ അച്ഛന്റെ ഭവനത്തിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വെക്കുകയും അതിനുശേഷം ചെത്തിപ്പുഴ തിരുഹൃദയ CMI ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്. വെളളിയാഴ്ച്ച വി. കുർബാനയോട് കൂടി സംസ്കരിക്കും എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.