ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബലാൽസംഗത്തിനും ലൈംഗികാതിക്രമം നടത്തിയതിനും മലയാളി യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. 29 വയസുകാരനായ സിദ്ധാർത്ഥ് നായർ എന്ന യുവാവിന് 13 വർഷത്തെ ജയിൽശിക്ഷ ലിവർപൂൾ ക്രൗൺ കോടതി ആണ് വിധിച്ചിരിക്കുന്നത്. വിസ്റ്റൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതാണ് ഇയാൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.
ഈ വർഷം ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാരനായിരുന്ന സിദ്ധാർത്ഥ് നായരെ അറസ്റ്റു ചെയ്യുകയായിരുന്നു. വിചാരണയിൽ ഇയാൾ മാനഭംഗവും ലൈംഗികാതിക്രമവും നടത്തിയതായാണ് കോടതി കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ സ്റ്റുഡൻറ് വിസയിൽ എത്തിയ ഭാര്യയുടെ ആശ്രിത വിസയിൽ യുകെയിൽ എത്തിയ സിദ്ധാർത്ഥ് ഇവിടെ വന്നിട്ട് 2 ആഴ്ച മാത്രമേ ആയിട്ടുള്ളൂ. സംഭവത്തിന് ശേഷം ബന്ധപ്പെട്ട സുഹൃത്തുക്കളോട് താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇയാൾ ആവർത്തിച്ച് പറഞ്ഞിരുന്നത്. അനുവാദമില്ലാത്ത സ്പർശനം പോലും അനുവദിനീയമല്ലാത്ത യുകെ പോലുള്ള സ്ഥലത്ത് സിദ്ധാർത്ഥ് തെറ്റിദ്ധരിക്കപ്പെട്ടതാണോ എന്ന സംശയം ആദ്യം ഉയർന്നിരുന്നു. എന്നാൽ തെളിവുകളുടെ വെളിച്ചത്തിൽ കേസിന്റെ വിചാരണ പൂർത്തിയായി വിധി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അങ്ങനെയുള്ള സംശയങ്ങൾ അസ്ഥാനത്താണ്,
വിദ്യാർത്ഥി വിസയിൽ ഇവിടെ എത്തിയ ഇയാളുടെ ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. ഒട്ടേറെ മലയാളികളാണ് വിദ്യാർത്ഥി വിസയിലും ജോലിക്കായും യുകെയിൽ എത്തിച്ചേരുന്നത്. ഒരു നിമിഷത്തെ ചാപല്യം മൂലം ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട സാഹചര്യമാണ് ചിലപ്പോൾ സംഭവിക്കുന്നത്. വിചാരണയുടെ എല്ലാ ഘട്ടത്തിലും താൻ തെറ്റുകാരനല്ലെന്നാണ് സിദ്ധാർത്ഥ് കോടതിയിൽ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ . കുറ്റം ചെയ്തിട്ടും അത് മറച്ചുവയ്ക്കാൻ ശ്രമിച്ചതു മൂലമുള്ള ശിക്ഷയുടെ അളവ് കൂടുന്നതിന് കാരണമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
Leave a Reply