ന്യൂസ് ഡെസ്ക് മലയാളം യുകെ

ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമികമായ ശ്വാസകോശ സംബന്ധമായ അണുബാധയായ വില്ലൻ ചുമ ബാധിച്ച രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. ബ്രിട്ടനിലെ ആരോഗ്യ നിയമങ്ങൾ പ്രകാരം, വില്ലൻ ചുമയുടെ രോഗനിർണ്ണയം നടത്തുന്ന ഏതൊരു ഡോക്ടർക്കും ഇത് സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിക്കാൻ നിയമപരമായ കടമയുണ്ട്. ഇത്തരത്തിൽ നടത്തിയിരിക്കുന്ന രോഗനിർണ്ണയങ്ങൾ ജൂലൈ മുതലുള്ള 5 മാസങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തെ ഈ സമയത്തേക്കാൾ ഇരട്ടിയിൽ അധികമാണ്. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകളെയും പോലെ, കോവിഡ് കാലത്ത് വില്ലൻ ചുമയുടെ കേസുകൾ കുറവായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം ആറാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഈ അസുഖം, മൂന്ന് ഘട്ടങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ മൂക്കൊലിപ്പ്, തുമ്മൽ, ചുവന്ന കണ്ണുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുക. ഏകദേശം രണ്ടാഴ്ചയ്ക്കുശേഷം ആരംഭിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ് രോഗികൾക്ക് കഠിനമായ ചുമയുണ്ടാവുക. ഇത്തരത്തിലുള്ള വിട്ട് മാറാത്ത ചുമ ആഴ്ചകളോളം നിലനിൽക്കും.

ഇതിനുശേഷം ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുമെങ്കിലും, മൂന്നുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ഒന്നു മുതൽ മൂന്നു ശതമാനം പേർ മരണത്തിന് കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്. വില്ലൻ ചുമയുടെ ചികിത്സയിൽ ആന്റിബയോട്ടിക്കുകൾക്ക് പരിമിതമായ പങ്ക് മാത്രമേ ഉള്ളു. എന്നാൽ വില്ലൻ ചുമ പ്രതിരോധിക്കുവാൻ കുട്ടികൾക്ക് ബ്രിട്ടനിൽ വാക്സിനുകൾ ലഭ്യമാക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് 8, 12, 16 ആഴ്ചകൾ ആകുമ്പോൾ മറ്റ് വാക്സിനുകളമായി ചേർത്താണ് ഇവ നൽകുന്നത്. പിന്നീട് കുട്ടിക്ക് മൂന്ന് വയസ്സും നാല് മാസവും ആകുമ്പോൾ നൽകുന്ന ഒരു ബൂസ്റ്റർ ഷോട്ടും ഈ വാക്സിന്റെ ഭാഗമാണ്. ഗർഭിണികൾക്കും ഇപ്പോൾ ഈ വാക്സിൻ നൽകുവാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ ഇത് സംബന്ധിച്ച് ബോധവാന്മാരാകേണ്ടത് ആവശ്യമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.