ബിനോയ് എം. ജെ.
ആസ്വാദനത്തേക്കാൾ കൂടുതൽ പ്രാധാന്യം നേട്ടങ്ങൾക്ക് കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ സ്വാധീനം നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്നായി പ്രതിഫലിക്കുന്നുമുണ്ട്. ചെറുപ്പം മുതലേ നാം ചില ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പഠിച്ചു വരുന്നു. നമ്മുടെ സന്തോഷങ്ങളെ നാം അവക്കു വേണ്ടി ബലികഴിക്കുന്നു. ഈ ലക്ഷ്യങ്ങൾ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരുന്നാൽ വലിയ പ്രശ്നമില്ല. പക്ഷേ പലപ്പോഴും അവ അങ്ങനെ അകണമെന്നില്ല. തങ്ങളുടെ കുട്ടികൾ ഡോക്ടർ ആകണമെന്നും എൻജിനീയർ ആകണമെന്നും അവർ ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ തീരുമാനിക്കുന്നു. പിന്നീടങ്ങോട്ട് അതിനുള്ള പരിശീലനമാണ് നടക്കുന്നത്. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും (പഠനത്തിൽ മികവു കാണിക്കുന്നവർ പ്രത്യേകിച്ച് ) തങ്ങൾ ഇഷ്ടപ്പെടാത്ത കോഴ്സുകൾ പഠിക്കുകയും തങ്ങൾ ഇഷ്ടപ്പെടാത്ത ജോലികൾ ചെയ്യുകയും ചെയ്യുന്നുവെന്നതാണ് സത്യം. അതിൽ പോലും ഒരു ന്യൂനപക്ഷം തങ്ങൾ തിരഞ്ഞെടുക്കുന്ന ജീവീതവൃത്തി തങ്ങൾക്ക് യോജിക്കാത്തതാണെന്ന് തിരിച്ചറിയുക പോലും ചെയ്യുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം, മുമ്പ് സൂചിപ്പിച്ചതുപോലെ, അവർ തങ്ങളുടെ പ്രവർത്തന മണ്ഠലങ്ങളിൽ വിജയം വരിക്കുന്നതിനുവേണ്ടി സ്വന്തം സന്തോഷങ്ങളെ ബലി കഴിക്കുന്നുവെന്നുള്ളതാണ്. അതിനെ ‘ഹീറോയിസ’ മായി സമൂഹം വാഴ്ത്തുന്നു. ഇത് നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരുതരം ആശയക്കുഴപ്പത്തിന്റെ വിത്തുകൾ പാകുന്നു. അതുപോലെ തന്നെ നമ്മുടെ കുട്ടികളും യുവാക്കളും തങ്ങളുടെ കർമ്മം സമ്മാനിക്കുന്ന ആസ്വാദനത്തേക്കാൾ ഉപരിയായി അവ സമ്മാനിക്കുന്ന നേട്ടങ്ങൾക്ക് (പ്രതിഫലം) പ്രാധാന്യം കൊടുക്കുന്നു. ഇവർക്ക് തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ വെട്ടിത്തിളങ്ങുവാൻ ആവില്ലെന്ന് മാത്രമല്ല കർമ്മം എന്നും ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുകയും സമ്പത് വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്നു. കർമ്മം ചെയ്യേണ്ടത് ആസ്വാദനത്തിനു വേണ്ടിയാണെന്നും പ്രതിഫലത്തിനുവേണ്ടിയല്ലെന്നുമുള്ള കർമ്മയോഗസിദ്ധാന്തത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്ഥാനമാനങ്ങൾക്കുവേണ്ടിയും, പണത്തിനുവേണ്ടിയും, അധികാരത്തിനുവേണ്ടിയും പൗരന്മാർ ജീവിച്ചു തുടങ്ങുമ്പോൾ നമ്മുടെ സമൂഹം ഒരു ഭ്രാന്താലയമായി മാറുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്വാദനവും ആനന്ദവും എന്നേ തിരോഭവിച്ചു കഴിഞ്ഞിരിക്കുന്നു. പകരം കിടമത്സരവും, അസൂയയും, സ്പർദ്ധയും, അസംതൃപ്തിയും നമ്മുടെ കൂടപ്പിറപ്പുകളായി മാറിയിരിക്കുന്നു. ഉള്ളിൽ നിന്നും വരുന്ന ആനന്ദത്തെ സർവാത്മനാ സ്വീകരിക്കുന്നതിന് പകരം പുറമേ നിന്നും വരുന്ന പ്രതിഫലത്തിന്റെ പിറകേ ഓടുമ്പോൾ ഉണ്ടാവുന്ന അസംതൃപ്തിയും നിരാശയും നമ്മുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു.
ചെറു പ്രായം മുതലേ സമൂഹം നമ്മെ വഴി തെറ്റിക്കുന്നു. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹത്തിൽ നിന്നും നാം തെറ്റായ കാര്യങ്ങൾ പഠിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ജീവിതമെന്നത് പണം സമ്പാദിക്കലോ, പ്രശസ്തിയാർജ്ജിക്കലോ, അധികാരത്തിലെത്തുന്നതോ മാത്രമായി മാറിയിരിക്കുന്നു. ഇപ്രകാരം ജീവിതം പാഴായി പോയല്ലോ എന്ന് നാം മനസ്സിലാക്കുന്നതാവട്ടെ നമ്മുടെ മരണസമയത്തും. അടുത്ത ജന്മത്തിലും ഇതേ കഥ തന്നെ ആവർത്തിക്കുന്നു. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ശാശ്വതമായി നിലനിൽക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേട്ടങ്ങൾ ഒന്നും ശാശ്വതമല്ല. അത്രയും പ്രയത്നമില്ലാതെ ലഭിക്കുന്ന ആസ്വാദനവും ആനന്ദവും എക്കാലവും നിലനിൽക്കുന്നു. കാട്ടിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ജീവിതം ആസ്വദിക്കുവാൻ അറിയാം. ചെറു പ്രായത്തിൽ നമ്മുടെ കുട്ടികൾക്കും അതറിയാം. സമൂഹത്തിന്റെ സ്വാധീനം മൂലമാണ് നമുക്കത് നഷ്ടമാകുന്നതെന്ന് സ്പഷ്ടം.
ഇപ്രകാരം നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിതം ആസ്വദിക്കുക മാത്രം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഒന്നും കിട്ടുന്നില്ലേ? അവർ അത്യന്തികമായ ജീവിതവിജയം കൈവരിക്കുന്നു! നിങ്ങൾ ഒരു കലാകാരൻ ആണെങ്കിൽ, ആ കല സമ്മാനിക്കുന്ന ആസ്വാദനത്തിനു വേണ്ടി മാത്രമാണ് നിങ്ങൾ കലയിൽ ഏർപ്പെടുന്നതെങ്കിൽ, കാലക്രമേണ നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ ആയി മാറും. നിങ്ങൾ ഒരു ശാസ്ത്രകാരനാണെങ്കിൽ, അറിവിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിങ്ങൾ ആ കർമ്മത്തിൽ ഏർപ്പെടുന്നതെങ്കിൽ താമസമില്ലാതെ നിങ്ങൾ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനായി മാറും. മറിച്ച് നിങ്ങളുടെ കണ്ണ് കർമ്മം സമ്മാനിക്കുന്ന പേരിലും പ്രശസ്തിയിലും (പ്രതിഫലം) ആണെങ്കിൽ നിങ്ങൾക്ക് കർമ്മത്തിലും അതു നൽകുന്ന ആസ്വാദനത്തിലും ശ്രദ്ധിക്കുവാനാവാതെ വരികയും നിങ്ങൾക്ക് അസാരണമായ വിജയങ്ങൾ ഒന്നും കൈവരിക്കുവാനാവാതെ വരികയും ചെയ്യുന്നു. ആസ്വാദനം തന്നെ കർമ്മം. നിങ്ങൾ ഒരു പാട്ട് കേൾക്കുകയോ ഒന്ന് നടക്കാൻ പോകുകയോ ചെയ്യുമ്പോൾ ആ സമയം പാഴായി പോകുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? അത്തരം സമയങ്ങളിലാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മാനുഷ്ഠാനം നടക്കുന്നത്. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും മനുഷ്യൻ ഏറ്റവും അർത്ഥവ്യത്തായി കർമ്മം ചെയ്യുന്നു. നിങ്ങൾ ഒരു മിടുക്കൻ ആകണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങൾ ഒരു വാലാട്ടിയായി കാണുവാനാണ് സമൂഹത്തിന് കൂടുതൽ താത്പര്യം. കാരണം അപ്പോൾ മാത്രമേ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി കേടുകൂടാതെ തുടർന്നുപോകൂവാൻ സമൂഹത്തിന് കഴിയൂ. നിങ്ങൾ മിടുക്കനായാൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ നിങ്ങൾ തൂത്തെറിയുമെന്ന് സമൂഹത്തിന് നന്നായി അറിയാം. അതിനാൽ നിങ്ങളുടെ ജീവിതം ക്ലേശപൂർണ്ണമായി മാറുന്നതിന് സമൂഹം തന്നെ ഉത്തരവാദി. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് അതിനെ ഒരാനന്ദലഹരിയാക്കി മാറ്റുവാൻകഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply