ന്യൂസ് ഡെസ്ക്, മലയാളം യുകെ

എവിടെയാണ് ഋഷി സുനകിന് പിഴച്ചത്? ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെ പ്രധാന ചർച്ചാ വിഷയമായിരുന്നു ഈ ചോദ്യം. ജൂലൈ 4-ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി നേരിട്ട ഏറ്റവും ദയനീയമായ തോൽവിക്ക് ഇന്ത്യൻ വംശജനായ റിഷി സുനകിൻ്റെ മേൽ മാത്രം കുറ്റം ചാർത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അഞ്ച് വർഷം മുമ്പ് മിന്നുന്ന പ്രകടനവുമായി ബോറിസ് ജോൺസൺ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിറവേറ്റാൻ ഉണ്ടായിരുന്നത് ഒട്ടേറെ പ്രതീക്ഷകൾ ആയിരുന്നു. എന്നാൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള ഒരു വീഴ്ച്ചയിലേക്കാണ് കൺസർവേറ്റീവ് പാർട്ടി കൂപ്പ് കുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും അനുബന്ധ പ്രശ്നങ്ങളുമാണ് ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്ക് നയിച്ചത്. ലോക്ക് ഡൗൺ സമയത്ത് മികച്ച സാമ്പത്തിക നയങ്ങളാണ് ബോറിസിന്റെ മന്ത്രിസഭയിൽ ചാൻസിലറായിരുന്ന ഋഷി സുനകിൻ്റെ പ്രാധാന്യമേറാൻ കാരണമായത്. ലോക്ക്ഡൗൺ സമയത്ത് ജോലിയില്ലാത്തയാളുകൾക്ക് മറ്റും നൽകി വന്ന സാമ്പത്തിക സഹായവും മറ്റ് പരിഷ്കരണങ്ങളും ഋഷി സുനകിന്റെ ജനപ്രീതി കുതിച്ചുയരാൻ കാരണമായി.

 

ഡേവിഡ് കാമറൂൺ രാജി വച്ചതിന് പിന്നാലെ അധികാരത്തിലേറിയ തെരേസ മേ, ബോറിസ് ജോൺസൺ , ലിസ് ട്രസ് എന്നീ മുൻ പ്രധാനമന്ത്രിമാരുടെ നയങ്ങളുടെ ബലിയാടു മാത്രമാണ് ഋഷി സുനക് എന്ന ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി എന്ന യാഥാർത്ഥ്യത്തെ മന:പൂർവ്വം തമസ്കരിക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ലോകത്തിലെ പല രാജ്യങ്ങളും കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി സാമ്പത്തികമായി അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയപ്പോൾ ഋഷി സുനകിന്റെ നയങ്ങളാണ് ബ്രിട്ടനെ പിടിച്ചു നിർത്തിയത്.


ഉയർന്ന ജീവിത ചെലവും പണപ്പെരുപ്പവും രാജ്യത്തെ ജീവിതം ദുഷ്കരമാക്കിയ കടുത്ത പ്രതിസന്ധിഘട്ടത്തിലാണ് ഋഷി സുനക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അദ്ദേഹം പടിയിറങ്ങുമ്പോൾ 11 ശതമാനമായിരുന്ന പണപ്പെരുപ്പം 2 ശതമാനത്തിലേയ്ക്ക് എത്തിയിരുന്നു. പോയ മാസങ്ങളിൽ ന്യായമായും കുറയ്ക്കുമായിരുന്ന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്തുകൊണ്ട് കുറച്ചില്ല? അത് സാമ്പത്തിക വിദഗ്ദ്ധരെ അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. തിരഞ്ഞെടുപ്പ് സർവ്വേഫലങ്ങൾ ലേബർ പാർട്ടിക്ക് നൽകിയ മുൻതൂക്കം ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ മുന്നിൽ നിന്ന ഋഷി സുനകിനെതിരെ ആസൂത്രിതമായ ചരടുവലികൾ സംഭവിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്രയും വലിയ ഒരു തിരഞ്ഞെടുപ്പ് പരാജയം കാരണം കൺസെർവേറ്റീവുകളുടെ ഇടയിലെ ഉൾപാർട്ടി പോരു തന്നെയാണ്. പരാജിതരായി പടിയിറങ്ങിയ ബോറിസിൻ്റെയും ലിസ് ട്രസിൻ്റെയും വീഴ്ചകളുടെ ഭാരം ഏറ്റെടുക്കേണ്ടി വന്നത് ഋഷി സുനകിനായിരുന്നു.