ലണ്ടന്‍: യുകെയിലെ ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം കുറയുന്നുവെന്ന് കണ്ടെത്തല്‍. യൂറോപ്യന്‍ ശരാശരിക്കും താഴെയാണ് യുകെയിലുള്ളവരുടെ ജീവിതദൈര്‍ഘ്യം എന്നാണ് വ്യക്തമായിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ജനങ്ങളുടെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ യുകെയില്‍ അത് താഴ്ന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ വിശദമായ പഠനം അടിയന്തരമായി നടത്തണമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഇക്വിറ്റി ഡയറക്ടര്‍ സര്‍.മൈക്കിള്‍ മാര്‍മോട്ട് പറഞ്ഞു. ദശാബ്ദങ്ങളായി ജീവിത ദൈര്‍ഘ്യത്തില്‍ ക്രമമായുണ്ടായ കുറവിനു ശേഷം ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ അത് തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.

യുകെയില്‍ സ്ത്രീകളുടെ ജീവിതദൈര്‍ഘ്യം 83 വയസാണ്. പുരുഷന്‍മാരില്‍ അത് 79 വയസും. ഇതേ നിരക്ക് തുടര്‍ന്നാണ് യുകെ യൂറോപ്പിലെ രോഗി എന്ന പദവി ഉടന്‍ തന്നെ സ്വന്തമാക്കുമെന്ന് അദ്ദേഹം ദി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 2010 വരെ ജീവി ദൈര്‍ഘ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഓരോ നാലു വര്‍ഷത്തിലും ഇതില്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കു ശേഷം ഇത് പിന്നോട്ടടിക്കുന്ന കാഴ്ചയാണ് കണ്ടത്. സര്‍ക്കാര്‍ നയം തന്നെയാണ് ഈ പ്രതിഭാസത്തിന് ഒന്നാമത്തെ കാരണമെന്നും വിഷയത്തില്‍ പഠനം നടത്തണമെന്നും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിനോട് സര്‍. മാര്‍മോട്ട് ആവശ്യപ്പെട്ടു.

2008ലെ സാമ്പത്തിക മാന്ദ്യ കാലത്ത് ലോകമൊട്ടാകെ ജീവിതദൈര്‍ഘ്യത്തില്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ യുകെയില്‍ ഉണ്ടായത് അതിനേക്കാളും ഗുരുതരമാണ്. സ്ത്രീകളുടെ ജീവിതദൈര്‍ഘ്യത്തിന്റെ നിരക്ക് യൂറോപ്പിലെ ഏറ്റവും മോശം അവസ്ഥയിലാണ് യുകെ പ്രകടിപ്പിക്കുന്നത്.പുരുഷന്‍മാരില്‍ ഇത് രണ്ടാം സ്ഥാനത്താണ്. സ്വാഭാവികമായ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും സര്‍. മൈക്കില്‍ മാര്‍മോട്ട് ഇത് അംഗീകരിക്കുന്നില്ല.