ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൈലറ്റിൻെറ അഭാവം മൂലം വിമാനം റദ്ദാക്കുന്ന സാഹചര്യങ്ങളോട് പ്രതികരിച്ച് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി വിധിയിൽ പറയുന്നു. പൈലറ്റിൻ്റെ അസുഖത്തെത്തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം റദ്ദാക്കിയതിന് പിന്നാലെ നഷ്ടപരിഹാരത്തിനായുള്ള കെന്നത്തും ലിൻഡ ലിപ്റ്റണും ബിഎ സിറ്റിഫ്ലയറിനെതിരെ നൽകിയ ക്ലെയിമുകൾ നിരസിച്ചതിന് പിന്നാലെയാണ് കേസ് കോടതിയിൽ എത്തിയത്. ഇത്തരം റദ്ദാക്കലുകളിൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെയുള്ള അപ്പീൽ കോടതി ശരിവക്കുകയായിരുന്നു.

കെൻ്റിൽ നിന്നുള്ള കെന്നത്തും ലിൻഡ ലിപ്റ്റണും 2018 ജനുവരിയിലാണ് മിലാൻ ലിനേറ്റ് എയർപോർട്ടിൽ നിന്ന് ലണ്ടൻ സിറ്റി എയർപോർട്ടിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്‌തത്‌. എന്നാൽ പൈലറ്റിന് സുഖമില്ലാത്തതു മൂലം ഫ്ലൈറ്റ് റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും മറ്റൊരു വിമാനത്തിൽ ബുക്ക് ചെയ്‌ത്‌ 2.5 മണിക്കൂർ വൈകിയാണ് ലണ്ടനിലെത്തിയത്. തങ്ങൾ നേരിട്ട കാലതാമസത്തിന് ഏകദേശം 220 പൗണ്ടാണ് നഷ്ടപരിഹാരമായി ഇവർ ആവശ്യപ്പെട്ടത്.

സാധാരണ ഫ്ലൈറ്റുകൾ റദ്ദാക്കുമ്പോൾ ഒഴിവാക്കാൻ ആവാത്ത കാരണങ്ങളാലാണ് നടപടി എടുക്കുന്നതെങ്കിൽ നഷ്ടപരിഹാര ക്ലെയിമുകൾ എയർലൈനുകൾക്ക് നിരസിക്കാം. പൈലറ്റിൻ്റെ അസുഖം അത്തരമൊരു സാഹചര്യമാണെന്ന് വാദിച്ചുകൊണ്ട് സിറ്റിഫ്ളയർ ദമ്പതികളുടെ അവകാശവാദം നിരസിക്കുകയായിരുന്നു. ആദ്യം കോടതി വിധികൾ വിമാന കമ്പനിക്ക് അനുകൂലമായിരുന്നെങ്കിലും ഏറ്റവും ഒടുവിലത്തെ വിധി പരാതിക്കാർക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്.