സ്വന്തം ലേഖകൻ

യു കെ :- കോവിഡ് 19 മൂലം തകർച്ചയിലായ ബിസിനസ് സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ സ്കീമുകളിൽ തട്ടിപ്പ് നടത്തിയ ആറു പേർ അറസ്റ്റിൽ. ഓഗസ്റ്റിൽ ചാൻസിലർ ഋഷി സുനക് പ്രഖ്യാപിച്ച ‘ ഈറ്റ് ഔട്ട്‌ ടു ഹെല്പ് ഔട്ട്‌ ‘ എന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിനാണ് മൂന്നുപേർ അറസ്റ്റിലായതെന്ന് റവന്യൂ & കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ചൊവ്വാഴ്ച ലണ്ടനിൽ വെച്ചാണ് ഈ മൂന്നുപേരും അറസ്റ്റിലായത്. നികുതി വെട്ടിപ്പ് നടത്തി എന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടൊപ്പംതന്നെ കൊറോണക്കാലത്തെ ഏർപ്പെടുത്തിയ ലോണുകൾ നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന് മറ്റ് മൂന്ന് പേർ അറസ്റ്റിലായി. ഈ പദ്ധതിയിലൂടെ 1,40,000 പൗണ്ട് ഇവർ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇവരെ നാഷണൽ ക്രൈം ഏജൻസി കസ്റ്റഡിയിലെടുത്തിക്കുകയാണ്.

ഭൂരിഭാഗം ബിസിനസുകാരും ‘ ഈറ്റ് ഔട്ട്‌ ടു ഹെല്പ് ഔട്ട്‌ ‘ പദ്ധതിയെ തങ്ങളുടെ ഉത്തരവാദിത്വമായി കണ്ടു, എന്നാൽ ചിലർ മാത്രമാണ് അതിനെ ഒരു തട്ടിപ്പിന്റെ ഉപാധിയായി എടുത്തതെന്ന് റവന്യൂ ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കാത്ത് ഡോയ്ൽ പറഞ്ഞു. ജനങ്ങൾ തരുന്ന നികുതി വെട്ടിക്കുവാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ കാലത്ത് പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകാരെ സഹായിക്കുന്നതിനാണ് ലോൺ പദ്ധതി നടപ്പിലാക്കിയത്. 50,000 പൗണ്ട് വരെ ലോൺ ഇല്ലാതെ ബിസിനസുകാർക്ക് ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി. ഇത്തരത്തിൽ രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങുമ്പോൾ, തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് നാഷണൽ ക്രൈം ഏജൻസിയും അറിയിച്ചു.