ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വപ്നങ്ങളുടെ ചിറകിലേറി യുകെയിലെത്തിയ റൈഗൻ ജോസിന്റെ ആകസ്മിക നിര്യാണം യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. നാല് മാസം മുൻപ് മാത്രമാണ് റൈഗൻ യുകെയിൽ എത്തിയത്. എന്നിരുന്നാലും തങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നേരിട്ട ദുരന്തമുഖത്ത് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ മലയാളികൾ ആണ് എത്തിച്ചേർന്നത്.

സോളിഹളളിലെ ഓൾട്ടർ പ്രിയറി കത്തോലിക്കാ പള്ളിയിൽ ഇന്നലെ വൈകുന്നേരം 4 മണി മുതൽ 7. 30 വരെയാണ് പൊതുദർശനം ക്രമീകരിച്ചിരുന്നത്. പൊതുദർശനത്തിനുശേഷം കുർബാനയ്ക്കും മറ്റ് പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവാണ്.  പൊതുദർശനം ക്രമീകരിക്കാനായി നേതൃത്വം നൽകിയത് ഫാ. ബിജു പന്തലുകാരൻ ആയിരുന്നു.പത്തോളം വൈദികരും പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തിരുന്നു.

അങ്കമാലി കാലടി സ്വദേശിയായ റൈഗൻ വെയർ ഹൗസിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരണമടയുകയായിരുന്നു. ബെഡ് ഫോർഡ് ഹോസ്പിറ്റലിൽ നേഴ്സാണ് റൈഗൻെറ ഭാര്യ. 4 വയസ്സുകാരിയായ മകളുമുണ്ട് റൈഗന്. സേക്രട്ട് ഹാർട്ട് ഫാദേഴ്സ് ആൻഡ് ബ്രദേഴ്സ് ഓഫ് ബെതാറാം സഭാംഗമായ ഫാ.എഡ്വിൻ ജോസ് മണവാളൻ പരേതന്റെ ഇരട്ട സഹോദരനാണ്.

ഉടൻതന്നെ റൈഗന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് മാതൃ ഇടവകയിൽ സംസ്കാരം നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃത സംസ്കാരത്തിൻറെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.