ബംഗളൂരു: ബംഗലൂരുവില്‍ ഞായറാഴ്ച പുലി ഇറങ്ങിയ വര്‍തൂര്‍ വിബ്ജിയോര്‍ സ്‌കൂളിനു സമീപം വീണ്ടു പുലിയിരങ്ങി. ചൊവ്വാഴ്ച രാത്രിയാണ് രണ്ടാമത്തെ പുലിയെ കണ്ടത്. ഒരു പുള്ളിപ്പുലിയെ കണ്ടതായുള്ള വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീണ്ടും പുലിയെ കണ്ടതോടെ സ്‌കൂള്‍ അടച്ചു. രണ്ടു പുലികള്‍ സ്‌കൂള്‍ പരിസരത്ത് ഉണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടു.
ഇന്നലെ രാത്രി 9.30ക്കും 10നും ഇടയിലാണ് പുള്ളിപ്പുലിയെ നഗരവാസികള്‍ കണ്ടത്. എന്നാല്‍ രാത്രിയില്‍ പുലിയെ പിടികൂടുകയെന്നത് വനപാലകരെ സംബന്ധിച്ചിടത്തോളം അപകടം പിടിച്ചതിനാല്‍ പകല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് നീക്കം. സമീപ പ്രദേശങ്ങളിലുള്ളവരോട് കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏഴര ഏക്കറാണ് സ്‌കൂള്‍ പരിസരത്തിന്റെ വിസ്തീര്‍ണ്ണം. പുലിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

ഏഴാം തിയതി സ്‌കൂളില്‍ കണ്ടെത്തിയ പുലിയെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. ഇതിനെ പിടിക്കാനുള്ള ശ്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌കൂളില്‍ ഒളിച്ചിരുന്ന പുലിയെ ഒരു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സ്‌കൂള്‍ പരിസരത്ത് എത്തിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചത്.