ന്യൂസ് ഡെസ്ക്, മലയാളം യുകെ

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) കുട്ടികളേയും മുതിർന്നവരേയും ബാധിക്കുന്ന ഒരു ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ആണ്. അശ്രദ്ധ, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ . ഈ രോഗാവസ്ഥ കുട്ടികളുടെയും മുതിർന്നവരടെയും ദൈനംദിന പ്രവർത്തനത്തെയും ജീവിത നിലവാരത്തെയും ബാധിക്കും . ഇപ്പോഴും ഈ രോഗത്തിൻറെ കൃത്യമായ കാരണങ്ങൾ അജ്ഞാതമാണ്. ജനിതകമായ ഘടകങ്ങൾ ഒരു പരിധിവരെ എ.ഡി.എച്ച്.ഡിവിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബിഹേവിറിയൽ തെറാപ്പി, മരുന്നുകൾ, പ്രത്യേക പഠനം മാർഗങ്ങൾ എന്നിവയിലൂടെ ഈ അവസ്ഥയെ നിയന്ത്രണ വിധേയമാക്കി വ്യക്തികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.

യുകെയിൽ എ.ഡി.എച്ച്.ഡി അവസ്ഥയിലുള്ള മുതിർന്ന വ്യക്തികൾ വിദഗ്ധ ചികിത്സയ്ക്കായി 8 വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം രോഗികൾ ആണ് ആരോഗ്യ സേവനങ്ങൾക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഈ അവസ്ഥ രോഗികൾക്ക് കടുത്ത ദുരിതം ആണ് നൽകുന്നത് എന്ന് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് പറഞ്ഞു. എ.ഡി.എച്ച്.ഡി രോഗനിർണയത്തിനും പുനർ ചികിത്സയ്ക്കുമുള്ള കാലതാമസം എൻഎച്ച്എസിൻ്റെ തകർച്ചയുടെ ഭാഗമാണെന്ന് ലേബർ പാർട്ടി പറഞ്ഞു. പുതിയ സർക്കാരിൻറെ കീഴിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പാർട്ടി അഭിപ്രായപ്പെടുന്നത്.

എ.ഡി.എച്ച്.ഡി ഉള്ള ആളുകളുടെ എണ്ണം വളരെ കൂടിയതാണ് കാത്തിരിപ്പു സമയം ഇത്രയും വർധിക്കുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഷെഫീൽഡിലെ ഒരു എൻ എച്ച് എസ് ട്രസ്റ്റിൽ 6000 ത്തിലധികം ആളുകളുടെ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് രോഗികളെ മാത്രമാണ് ചികിത്സയ്ക്ക് വിധേയമാക്കിയത്. യുകെയിൽ പ്രായപൂർത്തിയായവർക്ക് എ.ഡി.എച്ച്.ഡി ചികിത്സ നൽകുന്ന സേവന ദാതാക്കളുടെ ഔദ്യോഗിക ലിസ്റ്റ് ഒന്നും തന്നെയില്ലന്നാണ് ബിബിസി റി പ്പോർട്ട് ചെയ്തത്. ഏകദേശം 70 ഓളം ചികിത്സാ കേന്ദ്രങ്ങൾ ഉണ്ടാകാമെന്നാണ് കണക്കാക്കിയിരിക്കുന്നത്.