ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ടോറി എംപി ഡേവിഡ് അമേസിനെ കുത്തികൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് സുരക്ഷാ വൃത്തങ്ങൾ. 25കാരനായ കൊലയാളി ഒരാഴ്ച മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സൊമാലിയൻ വംശജനായ ബ്രിട്ടീഷ് മുസ്ലിം യുവാവ് നേരത്തെ തന്നെ എം പിയെ കാണാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക്‌ ചെയ്തിരുന്നു. എസ്സെക്‌സിലെ ലേ-ഓണ്‍-സീയിലുള്ള പള്ളിയിൽ പൊതുജന സമ്പർക്ക പരിപാടിയിൽ ഡേവിഡ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കത്തിയുമായി എത്തിയ യുവാവ് ഡേവിഡിന്റെ ശരീരത്തിൽ 17 തവണ കുത്തുകയുണ്ടായി. മാരകമായി മുറിവേറ്റ എംപിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിന്റെ മകൻ അലി ഹാർബി അലി ആണ് കൊലയാളിയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നേരത്തെ, ഡേവിഡിന്റെ മണ്ഡലമായ സൗത്ത്എൻഡ് വെസ്റ്റിലായിരുന്നു അലി താമസിച്ചിരുന്നത്. തുടർന്ന് ലണ്ടൻ നഗരത്തിലേക്ക് മാറി. അലി താമസിച്ച മൂന്നു സ്ഥലങ്ങളിലും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അലിയെ വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഈ കേസിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. 1983 മുതൽ എംപിയായിരുന്ന ഡേവിഡ്, രണ്ടാഴ്ച കൂടുമ്പോൾ തന്റെ മണ്ഡലത്തിലെ പൊതുജനങ്ങളെ കാണുകയും വിശദാംശങ്ങൾ തന്റെ പാർലമെന്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്ന വ്യക്തിയാണ്. കോവിഡിൽ നിന്ന് കരകയറിവരുന്ന ഈ സമയത്ത് സർക്കാർ ഭീകരാക്രമണങ്ങളെ നേരിടേണ്ടി വരുമെന്ന് കൊല്ലപ്പെടുന്നതിന് മുമ്പ് ഡേവിഡ് ഒരു പത്രത്തോട് പറഞ്ഞിരുന്നു. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് കൊലയ്ക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .  1998 മുതൽ അദ്ദേഹം കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇസ്രായേലിന്റെ ഓണററി സെക്രട്ടറിയായിരുന്നു. ഡേവിഡിന്റെ മരണത്തിന് തൊട്ടു പിന്നാലെയാണ് ചൗധരി വിവാദ പരാമർശം നടത്തിയത്.

ഡേവിഡ് അമേസിന്റെ മരണത്തെ തുടർന്ന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ പൊതുജനങ്ങൾ പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കെയർ സ്റ്റാർമർ, പ്രീതി പട്ടേൽ, സർ ലിൻഡ്‌സെ ഹോയ്ൽ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എസെക്സിലെ ലീ-ഓൺ-സീയിൽ ഇന്നലെ എത്തിയിരുന്നു. ജനപ്രതിനിധികളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനും രാജ്യത്തിനും എതിരായുള്ള ആക്രമണമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.