ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2020 നു ശേഷം ആദ്യമായി പലിശ നിരക്കുകൾ കുറയ്ക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ രണ്ടുമാസമായി ബാങ്കിന്റെ ടാർഗറ്റ് ആയ രണ്ട് ശതമാനത്തിൽ തന്നെ തുടരുന്നതിനാലാണ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുവാൻ തീരുമാനിച്ചത്. ബാങ്ക് നിരക്ക് നിലവിൽ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനമാണ്. എന്നാൽ ഇപ്പോൾ നിരക്ക് 0.25 ശതമാനം കുറച്ച് അഞ്ച് ശതമാനത്തിൽ എത്തിക്കുവാൻ ആണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വർദ്ധിച്ചു വന്ന പണപ്പെരുപ്പ നിരക്ക് തടയിടുവാൻ ആണ് ബാങ്ക് പലിശ നിരക്കുകൾ കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിപ്പിച്ചത്.

 

പണപ്പെരുപ്പത്തിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കാനായതാണ്, നിരക്കുകൾ ലഘൂകരിക്കാൻ കാരണമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് പേയ്‌മെൻ്റുകളിൽ ബുദ്ധിമുട്ടിയിരുന്ന വീട്ടുടമകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. പലിശ നിരക്കുകൾ വളരെയധികം കുറയുമെന്ന് പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ തീരുമാനത്തെ ചാൻസലർ റേച്ചൽ റീവ്സ് സ്വാഗതം ചെയ്തെങ്കിലും, മുൻ പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ മിനി ബഡ്ജറ്റ് കാരണം ഇപ്പോഴും ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.


തികച്ചും ശ്രദ്ധയോടെയാണ് മുന്നോട്ടു പോകുന്നതെന്നും, വളരെ പെട്ടെന്നുള്ള നിരക്ക് വർദ്ധനവ് ഗുണം ചെയ്യില്ലെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ഓർമ്മിപ്പിച്ചു. എന്നാൽ പലിശനിരക്കുകൾ കുറയുന്നത് ഉപഭോക്തൃ ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക രംഗം. ബിസിനസ് രംഗത്തും കൂടുതൽ ലാഭം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പലിശ നിരക്കുകളിലുള്ള കുറവ് നൽകുന്നത്. ബാങ്കിൻ്റെ ഒമ്പതംഗ കമ്മിറ്റിയുടെ കൂടി ചേരലിൽ, ഗവർണർ ആൻഡ്രൂ ബെയ്‌ലി ഉൾപ്പെടെ അഞ്ച് പേർ ക്വാർട്ടർ പോയിൻ്റ് കുറയ്ക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.