ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പല സ്ഥലങ്ങളിലും പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായി യുകെ മലയാളി യുവാവ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളിയുടെ നേരെയാണ് അക്രമം ഉണ്ടായത്. രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി അക്രമി സംഘം പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്ന് നിലത്തിട്ടു മർദിക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി അക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവും. സംഭവത്തിന് പിന്നാലെ പ്രശ്‌നം ഉള്ള മേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം വിവിധ മലയാളി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. യുകെയില്‍ ഇംഗ്ലണ്ടില്‍ ഉള്‍പ്പെടെ കറുത്തവര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രണമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങങ്ങളിലൂടെയാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കലാപ പ്രകടനങ്ങൾക്ക് പിന്നാലെ 90-ലധികം പേരാണ് അറസ്റ്റിലായിരിക്കുന്നത്. ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ കടകൾ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ അതിക്രമങ്ങളാണ് അരങ്ങേറുന്നത്.
Leave a Reply