ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈംഗികബന്ധത്തിലൂടെ പകരുന്ന ഏറ്റവും മാരകമായ രോഗമാണ് എയ്ഡ്സ്. എന്നാൽ ഇതിന് കാരണമയേക്കാവുന്ന അണുബാധ യുകെയിൽ അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്‌. ലൈംഗികബന്ധത്തിലൂടെയാണ് ഇതും പകരുന്നത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന മറ്റ് അണുബാധകളുമായും (എസ് ടിഐ) രോഗങ്ങളുമായും (എസ് ടിഡി) താരതമ്യപ്പെടുത്തുമ്പോൾ ഡോണോവനോസിസ് കേസുകൾ താരതമ്യേന അപൂർവമാണെങ്കിലും, അവ ക്രമാനുഗതമായി ഉയരുകയും പൊതുജനാരോഗ്യത്തിന് യഥാർത്ഥ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എച്ച്ഐവി പകരുന്നതിനുള്ള പ്രധാന ഘടകമായി ഈ അണുബാധ മാറുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജനനേന്ദ്രിയത്തിൽ രക്തസ്രാവവും പഴുപ്പും ഉണ്ടാക്കുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഗ്രാനോലോമ ഇൻഗ്വിനാൽ എന്നുറിയപ്പെടുന്ന ഡോണോവാനോസിസ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത് സാധാരണയായി കാണപ്പെടാറുണ്ട്.

‘ക്ലെബ്സിയല്ല ഗ്രാനുലോമാറ്റിസ്’ എന്ന ബാക്ടീരിയ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി ജനനേന്ദ്രിയത്തെ ബാധിക്കുന്നു. പരിഹാരമാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അണുബാധ മൂലമുണ്ടാകുന്ന വ്രണങ്ങൾ എച്ച്ഐവി പടരുന്നതിന് കാരണമാകും. ജനനേന്ദ്രിയ ഭാഗത്ത് വൃണമോ വീക്കമോ രൂപപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടുക എന്നതാണ് പ്രധാനം.

ബാക്ടീരിയയുടെ വളർച്ച തടയാൻ ഡോക്ടർമാർ ആന്റിബയോട്ടിക്കുകളാണ് നിർദേശിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വ്രണങ്ങൾ ഉണങ്ങാൻ ഇത് സഹായിക്കും. എന്നാൽ ദീർഘനാളായി അണുബാധ ഉണ്ടെങ്കിൽ അത് പൂർണമായി മാറാൻ ഏതാനും ആഴ്ചകൾ വേണ്ടിവരും.