ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭൂമിയുടെ ഉപരിതലത്തിൻ്റെ പകൽ സമയ ചിത്രങ്ങളും വീഡിയോകളും പകർത്താൻ കഴിയുന്ന ആദ്യത്തെ സൈനിക ഉപഗ്രഹം യുകെ വിക്ഷേപിച്ചു. ടൈഷെ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപഗ്രഹം ബ്രിട്ടീഷ് സായുധ സേനയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രകൃതിദുരന്തങ്ങൾ നിരീക്ഷിക്കാനും സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം വിലയിരുത്താനും ഉപഗ്രഹം സഹായിക്കും.
കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ വിഷേപണ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ബഹിരാകാശത്തു നിന്നുള്ള രഹസ്യ നിരീക്ഷണത്തിന് മിനിസ്ട്രി ഓഫ് ഡിഫൻസ് വിക്ഷേപിക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് ടൈഷെ. സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിലെ 100 ഓളം വരുന്ന ശാസ്ത്രജ്ഞരുടെ മേൽ നോട്ടത്തിലാണ് ടൈഷെ രൂപകൽപന ചെയ്തത്.
യുകെ സ്‌പേസ് കമാൻഡിൻ്റെ കമാൻഡർ മേജർ ജനറൽ പോൾ ടെഡ്‌മാൻ ടൈഷെയുടെ വികസനത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു. യുകെയുടെ ബഹിരാകാശ ഗവേഷണത്തിന് ഇത് അഭിമാനകരമായ ദിവസമാണെന്നാണ് വിജയകരമായ ഉപഗ്രഹ വിക്ഷേപണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ആധുനിക സൈനിക പ്രതിരോധ സംവിധാനങ്ങളിൽ ഉപഗ്രഹങ്ങൾക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ട്. ക്യാമറകളും സെൻസറുകളും ഘടിപ്പിച്ചിട്ടുള്ള ഉപഗ്രഹങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിൻ്റെ വലിയ ഭാഗങ്ങൾ നിരീക്ഷിക്കാൻ കഴിയും . അതിനാൽ ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെ വിലയിരുത്താൻ ഉപഗ്രഹങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. പരമ്പരാഗത ആശയവിനിമയ ശൃംഖലകൾ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിൽ പോലും സൈനിക ഉപഗ്രഹങ്ങൾ സായുധ സേനകൾക്കിടയിൽ സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം സാധ്യമാക്കും. ഇൻഫ്രാറെഡ് സെൻസറുകൾ ഘടിപ്പിച്ച ഉപഗ്രഹങ്ങൾക്ക് ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം കണ്ടെത്താനും ആക്രമണങ്ങളെ കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും കഴിയും.
Leave a Reply