ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- താലിബാൻ ഭരണത്തിന്റെ കീഴിൽ വിദ്യാഭ്യാസം നിർത്തലാക്കുവാൻ നിർബന്ധിക്കപ്പെട്ടതിനെ തുടർന്ന്, അഫ്ഗാനിൽ നിന്ന് 19 ട്രെയിനി വനിതാ ഡോക്ടർമാർ തങ്ങളുടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കാനായി എഡിൻബർഗിൽ എത്തിയിരിക്കുകയാണ്. 2010ൽ അഫ്ഗാനിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ട സ്കോട്ടിഷ് ചാരിറ്റി വർക്കർ ലിൻഡ നോർഗ്രോവിൻ്റെ മാതാപിതാക്കളുടെ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് ചൊവ്വാഴ്ച 19 സ്ത്രീകൾ യുകെയിലെത്തിയത്. ലിൻഡ നോർഗ്രോവിൻ്റെ മാതാപിതാക്കളായ ജോണും ലോർണയും ചേർന്നാണ് ലിൻഡ നോർഗ്രോവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം വീണ്ടെടുത്തതിനുശേഷം പെൺകുട്ടികൾ വീട്ടിൽ തന്നെ ഭീതിയിലായിരുന്നു കഴിഞ്ഞു വന്നിരുന്നതെന്നും, അവർക്ക് വിദ്യാഭ്യാസത്തിനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ലെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. ഈ 19 പെൺകുട്ടികൾക്ക് യുകെയിലേക്ക് വരുന്നതിനുള്ള സുരക്ഷിതമായ പാതയും, കൃത്യമായ സ്റ്റുഡന്റ് വിസകളും ക്രമീകരിക്കുന്നതിന് യുകെ, സ്കോട്ടിഷ് സർക്കാർ ഉദ്യോഗസ്ഥരുമായി ഫൗണ്ടേഷൻ ചേർന്ന് പ്രവർത്തിച്ചു. സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിന് അർഹമാകുവാൻ വേണ്ടി നിയമങ്ങളിൽ ചെറിയ മാറ്റം വരുത്തുവാൻ സ്കോട്ടിഷ് മന്ത്രിമാർ കൂടി തയ്യാറായതോടെ, ഇവർക്ക് നാല് മെഡിക്കൽ സ്കൂളുകളിൽ അഡ്മിഷൻ ലഭ്യമായി. ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ സംഘടിപ്പിക്കുന്നതിനും സ്കൈപ്പ് വഴി യൂണിവേഴ്സിറ്റി ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നതും ഉൾപ്പെടെ, ഇവരെ യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമപരവും മറ്റുമായുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ഫൗണ്ടേഷൻ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

സ്കോ ട്ട്ലൻഡിലെത്തിയ സ്ത്രീകളിൽ ഭൂരിഭാഗവും കാബൂളിൽ നിന്നുള്ളവരാണെങ്കിലും, ബാമിയാൻ, വാർഡക്, ഡേകുണ്ടി എന്നിവയുൾപ്പെടെയുള്ള വിദൂര പ്രവിശ്യകളിൽ നിന്ന് വന്നവരും ഉണ്ട്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നാണ് ഇവർ യുകെയിലേക്ക് ഫ്ലൈറ്റ് കയറിയത്. പാക്കിസ്ഥാനിലേക്കുള്ള ഇവരുടെ യാത്ര, യുകെ വിസകൾ, വിദ്യാർത്ഥികളുടെ അക്കോമഡേഷൻ മുതലായവയ്ക്കായി 60,000 ത്തോളം പൗണ്ടാണ് ഫൗണ്ടേഷൻ ചെലവാക്കിയത്. തങ്ങളുടെ ജീവനും ജീവിതവും ആണ് ഇവർ തിരിച്ചു നൽകിയതെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. 2010 സെപ്തംബറിൽ കുനാർ പ്രവിശ്യയിൽ വെച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയപ്പോൾ 36 വയസ്സുള്ള ലിൻഡ നോർഗ്രോവ്, ഡെവലപ്‌മെൻ്റ് ആൾട്ടർനേറ്റീവ്സ് ഇൻകോർപ്പറേറ്റഡ് എന്ന യുഎസ് ചാരിറ്റിയിൽ ജോലി ചെയ്തുവരികയായിരുന്നു. തങ്ങളുടെ മകളുടെ ഓർമ്മയ്ക്കായാണ് അവളുടെ മാതാപിതാക്കൾ ഈ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.